
കട്ടപ്പന∙ ഇരട്ടക്കൊലപാതകത്തിൽ ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ്(രാജേഷ്-31) എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിൽ വാടക വീടിന്റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
കസ്റ്റഡിയിലുള്ള നിതീഷ് ഇന്നലെ കുറ്റം സമ്മതിച്ചതായി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ പിതാവ് വിജയന്റേതാണ് മൃതദേഹം എന്നാണു നിഗമനം. അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചശേഷമേ ഇതു സ്ഥിരീകരിക്കുകയുള്ളു. ഇവർ മുൻപ് താമസിച്ചിരുന്ന കാഞ്ചിയാറിലെ വാടകവീട്ടിലും പൊലീസ് പരിശോധന നടത്തും.
തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ‘‘നാലടി താഴ്ചയിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് തയാറാക്കും. ഒരു കാർഡ്ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഡ്ബോർഡ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്.’’– അദ്ദേഹം അറിയിച്ചു. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക പൊലീസ് നേരത്തെ കണ്ടെടുത്തിയിരുന്നു.
കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.
വിജയന്റെ കൊലപാതകത്തിൽ അയാളുടെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർക്കും പങ്കുണ്ടെന്നാണു പൊലീസ് ആരോപിക്കുന്നത്. വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ പ്രതി നിതീഷ്, മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടിയെന്നാണു വിവരം.
2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.