സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 32 അര ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.

https://youtu.be/PGqltBCo6cU?si=XeqnQ7It6_Hbd0uz
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. മലയാളം ട്രെയിലറിന് പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവന്നിട്ടുണ്ട്. ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയിൽ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളത്.
അതേസമയം ലൂസിഫർ സിനിമയിലേത് അടക്കമുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങൾ എമ്പുരാനിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അബ്രാം ഖുറേഷിയായി മോഹൻലാലും സയീദ് മസൂദായി പൃഥ്വിരാജും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു പുറംതിരിഞ്ഞ് നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖം ട്രെയിലറിലും അണിയറ പ്രവർത്തകർ സർപ്രൈസ് ആയി നിർത്തിയിരിക്കുകയാണ്.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് പൃഥ്വിരാജിനും മോഹൻലാലിനും പുറമേ അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.