ഷൊർണൂർ: രാജധാനി എക്സ്പ്രസിൽ വ്യാജ ബോംബ് ഭീഷണിയുയർത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. എറണാകുളത്തുനിന്ന് കയറാൻ കഴിയാത്തതിനാൽ തൊട്ടടുത്ത സ്റ്റേഷനിൽനിന്നു ട്രെയിനിൽ കയറാൻ റെയിൽവേ കൺട്രോൾ റൂമിലേക്ക് വ്യാജസന്ദേശം നൽകിയ രാജസ്ഥാൻ നവോഡ് നാഗോർ സ്വദേശി ജയസിങ് റാത്തോർ (29) ആണു പിടിയിലായത്.
മാർബിൾ ബിസിനസുമായി ബന്ധപ്പെട്ടു കൊച്ചിയിലെത്തിയ ജയസിങ് എറണാകുളത്തു നിന്നു ഡൽഹിയിലേക്കു രാജധാനി എക്സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്നു. സ്റ്റേഷനിൽ എത്തുമ്പോഴേക്കു ട്രെയിൻ പോകുമെന്നു വ്യക്തമായതോടെ തൊട്ടടുത്ത തൃശൂർ സ്റ്റേഷനിൽ നിന്നു കയറാൻ പദ്ധതിയിട്ടാണു ബോംബ് ഭീഷണി സന്ദേശം നൽകിയതെന്നു റെയിൽവേ പൊലീസ് പറഞ്ഞു.
തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സന്ദേശം ലഭിച്ചത്. തൃശൂരിൽ നിന്നു കയറാൻ കഴിയാതിരുന്നതോടെ ഓട്ടോ വിളിച്ചു ഷൊർണൂരിൽ എത്തി. ഇതിനകം ഷൊർണൂരിലെത്തിയ ട്രെയിനിൽ രാത്രി ഒരു മണിയോടെ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയിരുന്നു. രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ ജയസിങ് ഷൊർണൂരിൽനിന്ന് ട്രെയിനിൽ കയറി.
എറണാകുളം മുതൽ ഷൊർണൂർ വരെ ഒഴിഞ്ഞുകിടന്ന സീറ്റിൽ യാത്രക്കാരൻ കയറിയതു കണ്ടെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കാര്യങ്ങൾ വ്യക്തമായത്. റെയിൽവേ കൺട്രോൾ റൂമിലേക്കു വിളിച്ച ഫോൺ ഇയാളിൽ നിന്നു കണ്ടെത്തി. അറസ്റ്റിലായ ജയസിങിനെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. റെയിൽവേ സിഐ പി.വി.രമേശ്, എസ്ഐ അനിൽ മാത്യു, എസ്‌സിപിഒ ബിനുമോൻ, കൃഷ്ണപ്രസാദ്, ആർപിഎഫ് എസ്ഐ സാജു ജോസ് തുടങ്ങിയവരാണു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
റെയിൽവേക്ക് നഷ്ടം 10 ലക്ഷം: വ്യാജ ബോംബ് ഭീഷണിക്കു പിന്നാലെ, യാത്രക്കാരും പൊലീസും രണ്ടര മണിക്കൂർ ഉദ്വേഗത്തിലായതിനു പുറമേ റെയിൽവേക്കു 10 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. വൈകിയ ട്രെയിൻ ഇനി നിശ്ചിത സമയക്രമത്തിൽ ഓടിയെത്താൻ മാർഗമില്ല. രാജധാനിക്കു വഴിയൊരുക്കാൻ മറ്റു ട്രെയിനുകൾ പിടിച്ചിടേണ്ടി വരും.
ട്രെയിനിലെ ക്രൂവിന്റെ ഡ്യൂട്ടി സമയത്തിൽ മാറ്റം വരും. ഭക്ഷണം പാചകം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും കാലതാമസം വരും. ഇതെല്ലാം കണക്കിലെടുത്താണു റെയിൽവേ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. ട്രെയിൻ വൈകിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും യാത്രക്കാരൻ കോടതിയെ സമീപിച്ചാൽ റെയിൽവേക്കു വേറെയും ബാധ്യത വരും. നഷ്ടപരിഹാരം കൂടി ജയസിങ്ങിൽ നിന്ന് ഈടാക്കാനുള്ള വകുപ്പുകൂടി ചുമത്താനാണു തീരുമാനം.