ന്യൂമാഹി ∙ മസ്കത്തിൽ നിന്നും സൗദി വഴി നാട്ടിലേക്ക് പുറപ്പെട്ട ന്യൂമാഹി സ്വദേശി ഒരു മാസമായിട്ടും വീട്ടിൽ എത്തിയില്ല. പെരിങ്ങാടി പുതിയ റോഡ് നൌറസിലെ വള്ളിൽ ആബൂട്ടിയെ (38) ആണ് ദുരൂഹ സാഹചര്യത്തിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്നും കാണാതായത്. മസ്കത്തിലെ വാദി ഖബീർ എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ആബൂട്ടി നാട്ടിലേക്കുള്ള യാത്രയിൽ ഡിസംബർ 2ന് ഒമാനിൽ നിന്നും സൗദിയിലേക്ക് പോവുന്നതായി മാതാവ് ഷാഹിദയെ അറിയിച്ചിരുന്നു.
റോഡ് വഴിയായിരുന്നു യാത്ര. സൗദിയിലെ റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന് ടിക്കറ്റ് എടുത്തതായി ഉമ്മയ്ക്ക് വിവരം നൽകിയിരുന്നു. ആബൂട്ടിയുടെ ഭാര്യയും മക്കളുമൊത്ത് മകനെ സ്വീകരിക്കാൻ ഉമ്മ ഷാഹിദ കോഴിക്കോട്ടെ വിമാനത്താവളത്തിൽ എത്തി. മൂന്ന് മണിക്കൂർ കാത്തിരുന്നിട്ടും മകനെ കണ്ടില്ല. ഓഫിസിൽ തിരക്കിയപ്പോൾ അങ്ങനെ ഒരാൾ റിയാദിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് മറുപടി കിട്ടിയത്. റിയാദിൽ നിന്നും ബോർഡിങ് പാസ് എടുത്തതാണെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി.
മകനെ കാണാതായ വിഷയത്തിൽ ഇടപെടണം എന്ന് മാതാവും ബന്ധുക്കളും ഇന്ത്യൻ എംബസി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, കേരള നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീർ, കെ.മുരളീധരൻ എം.പി., കേരള ഡി.ജി.പി. എന്നിവർക്ക് നിവേദനം കൊടുത്തിട്ടുണ്ട്.