കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ തടവുപുള്ളി ഹർഷാദിനെ 24 മണിക്കൂർ പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഹർഷാദിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടെന്നാണു സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്തു നൽകിയത് ലഹരിക്കടത്ത് സംഘമാണെന്നാണു പൊലീസ് പറയുന്നത്.
കർണാടകയിൽ നിന്നെത്തിയ ബൈക്കിൽ കയറിയാണു പ്രതി രക്ഷപ്പെട്ടതെന്നാണു അറിയാൻ കഴിഞ്ഞത്. ജനുവരി ഒൻപതിനു ജയിലിൽ കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്തു. ഇയാളല്ല ബൈക്കിലെത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ജയിൽ ചാട്ടം സംബന്ധിച്ച ആസൂത്രണത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കുകയാണ്.
ജയിലിലേക്കുള്ള പത്രമെടുക്കാൻ ഇന്നലെ രാവിലെ 6.45നു ദേശീയപാതയോരത്തേക്കു പോയ ഇയാൾ അവിടെ കാത്തുനിന്നിരുന്ന ബൈക്കിനു പിന്നിൽ കയറി കടന്നുകളയുകയായിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഏറെ നേരം ജയിലിനു മുന്നിൽ കാത്തുനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജയിൽ വസ്ത്രത്തിൽ തന്നെയാണു കടന്നു കളഞ്ഞത്.
ബൈക്ക് കണ്ണൂർ ഭാഗത്തേക്കാണ് പോയത്. ലഹരിമരുന്നു കേസിൽ പത്തുവർഷം തടവിനു ശിക്ഷിക്കപ്പെട്ട് 2023ൽ ആണ് ഹർഷാദ് ജയിലിൽ എത്തിയത്. പത്രമെടുക്കാൻ പതിവായി ഇയാളാണു പോയിരുന്നത്. അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.