Spread the love

മലയാള സിനിമയിലെ പ്രമുഖ നടൻ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. നടന്റെ പേര് വെളിപ്പെടുത്താത്തത് എല്ലാവരെയും സംശയമുനയിൽ നിർത്തുമെന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ ലിസ്റ്റിൻ സ്റ്റീഫനും അസോസിയേഷനിൽ വിശ്വാസമില്ലാതായോ എന്ന് സാന്ദ്രാ തോമസ് ചോദിക്കുന്നു. സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും ലിസ്റ്റിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും സാന്ദ്ര ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ?സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനിമയ്‌ക്കകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം .

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു

Leave a Reply