ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തും മോശം കമന്റുകൾ രേഖപ്പെടുത്തിയും വിമർശനം ഉന്നയിച്ചും മലയാളികൾ ഏറെ ആഘോഷിച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയ താരമായ കോഴിക്കോട് ദാസേട്ടനും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവും ചേർന്ന് അഭിനയിച്ച റീൽ വീഡിയോ. ചാന്തുപൊട്ട് സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റിക്രിയേഷൻ വീഡിയോ ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചത്.
റൊമാന്റിക് മൂഡിൽ എടുത്ത റീൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾ നിങ്ങൾ ചെയ്തു കൂട്ടുമായിരുന്നോയെന്ന് രേണുവിനോടും നിങ്ങൾക്ക് ഭാര്യയും മക്കളും ഇല്ലേ ഇത്തരം വീഡിയോകൾ എന്തിന് ചെയ്യണമെന്ന് ദാസേട്ടനോടും സോഷ്യൽ മീഡിയ നിവാസികൾ വളരെ മോശം കമന്റുകളിലൂടെ നിരന്തരം ചോദിച്ചിരുന്നു. ഇത്തരം കമന്റുകൾക്ക് ശക്തമായ മറുപടിയുമായി ഇരുവരും നേരത്തെ രംഗത്തും എത്തിയിരുന്നു.
ഇത്തരം കമന്റുകൾ രേഖപ്പെടുത്തുന്നവരാരും തന്റെ വീട്ടിലെ അവസ്ഥകളും ചിലവുകളും അന്വേഷിക്കാറില്ലെന്നും അഭിനയം തന്നെ സംബന്ധിച്ചിടത്തോളം തൊഴിൽ മാത്രമാണെന്നുമായിരുന്നു രേണുവിന്റെ വിമർശനങ്ങളോടുള്ള മറുപടി. സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വീഡിയോകളിൽ അഭിനയിക്കാൻ സമ്മതിക്കില്ലെന്ന കമന്റുകൾക്കും രേണു മറുപടി നൽകിയിട്ടുണ്ട്. തന്റെ ഭർത്താവിനെ തന്നെക്കാൾ കൂടുതൽ നിങ്ങൾക്കാണോ പരിചയം എന്നായിരുന്നു രേണുവിന്റെ മറു ചോദ്യം. അതേസമയം താനും ഭാര്യയും മക്കളുമായി ജീവിക്കുന്ന ആളാണെന്നും ഇത്തരം വീഡിയോകളും മറ്റും ചെയ്യുമ്പോൾ തന്റെ കുടുംബത്തിന്റെ പിന്തുണയും തനിക്ക് ലഭിക്കാറുണ്ടെന്നും ദാസേട്ടനും വ്യക്തമാക്കിയിരുന്നു. ഭർത്താവ് മരിച്ചാൽ അതേ ചിതയിൽ ചാടി ചാവാൻ ഇത് പഴയ സതിയുടെ കാലമല്ലല്ലോ എന്നും ദാസേട്ടൻ രേണുവിനെ വിമർശിക്കുന്നവരോടായി ചോദിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ വിമർശിച്ചവർക്കുള്ള മുഖമടച്ച അടിയുമായി വന്നിരിക്കുകയാണ് രേണുവും ദാസേട്ടനും.”റീൽ കണ്ട് തമിഴ് സിനിമയിലേക്കു വരെ ഞങ്ങളെ വിളിച്ചിട്ടുണ്ട്. സംവിധായകൻ മലയാളിയാണ്, കോഴിക്കോടുകാരനാണ്. അദ്ദേഹത്തിന്റെ അടുത്ത തമിഴ് സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ ചെയ്യാനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. കഥ ഞങ്ങൾ കേട്ടു. അടുത്തയാഴ്ച അദ്ദേഹത്തെ നേരിട്ട് കണ്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കും”, ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.