ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് പടത്തിന്റെ ഷൂട്ടിങ്ങിൽ താനാകെ വലഞ്ഞു പോയതിനെക്കുറിച്ചും ആ സമയത്ത് അനുഭവിച്ച മാനസിക സംഘർഷത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് നിഖില വിമൽ.
ഈ വർഷം തമിഴിൽ പുറത്തിറങ്ങിയ മാരി സൽവരാജ് ചിത്രം വാഴൈയെ കുറിച്ചാണ് നിഖില മനസ്സുതുറന്നത്. ചിത്രത്തിൽ ഒരു സ്കൂൾ അധ്യാപികയുടെ വേഷത്തിൽ ആയിരുന്നു നിഖില എത്തിയത്.
1999ൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സീൻ അടിസ്ഥാനത്തിൽ ചെയ്യുന്നതായിരുന്നു എന്നും ഈ രീതി തന്നെ സംബന്ധിച്ച് ഏറെ വ്യത്യസ്തമായിരുന്നു എന്നുമാണ് നടി പറഞ്ഞത്.
തനിക്ക് ആദ്യമെല്ലാം ഈ രീതി വളരെ ബുദ്ധിമുട്ടായിരുന്നു എന്നും സംവിധായകൻ സെൽവരാജിന്റെ വർക്കിംഗ് പാറ്റേണിൽ അദ്ദേഹം ഒരു സീൻ മൊത്തമായാണ് തീർക്കുന്നതെന്നും നടി പറയുന്നു. ഷോട്ടുകൾ ആയി എടുക്കുന്നതല്ല അദ്ദേഹത്തിന്റെ രീതി അതുകൊണ്ടുതന്നെ ആദ്യം മുതൽ അവസാനം വരെയുള്ള ഡയലോഗുകൾ ഒറ്റ ടേക്കിൽ തന്നെ പറയണം, അതും വ്യത്യസ്ത ആംഗിളിൽ. അതെല്ലാം തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു എന്നും ഇതിനുപുറമേ ഓരോ പ്രാവശ്യവും അദ്ദേഹം പുതിയ പുതിയ കറക്ഷനുകളും പറയുന്നതോടുകൂടി തനിക്ക് പ്രഷറും ടെൻഷനും സങ്കടവും എല്ലാം വരാൻ തുടങ്ങിയെന്നും നടി പറയുന്നു. എന്നാൽ പോക പോകെ നമുക്കിത് ശീലമാകും എന്നും, തന്നെ സംബന്ധിച്ച് അതുവരെ ശീലിക്കാത്ത ഒരു ശൈലിയായിരുന്നു അതെന്നും നടി പറയുന്നു.