പവർ ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ട്. അവരവരുടെ അനുഭവങ്ങളായിരിക്കുമല്ലോ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടാവുകയെന്നും താരം പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ വന്ന ചില കാര്യങ്ങളിലൊന്നായിരുന്നു പവർ ഗ്രൂപ്പെന്ന് ധ്യാൻ ശ്രീനിവാസൻ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. തന്റെ അറിവിൽ അങ്ങനെയൊന്നില്ലെന്നും ധ്യാൻ വ്യക്തമാക്കി.
ഇവിടെ സ്വജന പക്ഷപാതമുണ്ട്. ഉദാഹരണത്തിന് വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്. ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്. എന്തൊക്കെ പറഞ്ഞാലും അങ്ങനെയൊന്നുണ്ട്. അതിന്റെ മുകളിൽ പവർ ഗ്രൂപ്പുണ്ട് എന്നൊന്നും വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ല. നെപ്പോ കിഡ്സിനെ വെച്ച് വിനീത് ശ്രീനിവാസൻ ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. ആ രീതിയിൽ നോക്കുമ്പോൾ അദ്ദേഹം വേറെ ഗ്രൂപ്പ് ആണ്. ഗ്രൂപ്പിസം എന്നുമുണ്ട്. അപ്പോഴും എന്താണ് പവർ ഗ്രൂപ്പെന്ന് മനസിലാവുന്നില്ലെന്നും ധ്യാൻ പറഞ്ഞു.
നിവിൻ പോളിക്കെതിരെ യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടും ധ്യാൻ ശ്രീനിവാസൻ സംസാരിച്ചു. “മാനനഷ്ടത്തിന് ആ സ്ത്രീയ്ക്കെതിരെയാണ് പരാതി നൽകേണ്ടത്. നിവിനെക്കുറിച്ച് തുടക്കംമുതലേ പരസ്പര വിരുദ്ധമായ കാര്യമാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ആ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേൾക്കുന്ന ആർക്കും മനസിലാവും. ശരിക്കും മോശം അനുഭവം നേരിടേണ്ടിവന്ന സ്ത്രീകളുടെ പരാതികൾക്കാണ് ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ കാരണം വിശ്വാസ്യത നഷ്ടപ്പെടുന്നത്. എല്ലാവരും ശരിയാണെന്ന് നമുക്ക് പറയാൻപറ്റില്ലല്ലോ. ഇതെല്ലാം കേൾക്കുന്ന എല്ലാവർക്കും ആശയക്കുഴപ്പമുണ്ടാകും.” ധ്യാൻ ചൂണ്ടിക്കാട്ടി.
തനിക്ക് ഒരു മോശം അനുഭവമുണ്ടെന്നുപറഞ്ഞ് ഒരു പെൺകുട്ടി വന്നാൽ ഉടനെ കേസെടുക്കേണ്ട സാഹചര്യമുണ്ടിവിടെ. ആരുപറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കുകയാണ്. പക്ഷേ കൃത്യമായി തെളിവില്ലെങ്കിൽ ഇതൊന്നും നിലനിൽക്കില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.