ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ലൈംഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിനാണ് വൈകുന്നതെന്നും വിഷയത്തിൽ അന്വേഷണം നടത്താൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.