Spread the love

കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതിയുടെ ചോദ്യം. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ആരോപിച്ചു. കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. മറ്റുള്ള പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേ? വിധി പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി അറിയിച്ചിട്ടുള്ളത്. വധശിക്ഷ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ്. ടി.പി. വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒന്നുമുതൽ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ് എന്നിവരുടെ ശിക്ഷ വർധിപ്പിക്കണമെന്നാണ് ഹർജി. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായി കെ.കെ.രമ നൽകിയ ഹർജി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

അതേസമയം, കെ.കെ. കൃഷ്ണന്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതൽ ഏഴു വരെ പ്രതികൾക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാൻ ‍ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പെട്ടെന്നുള്ള വികാരത്തിനു പുറത്ത് നടന്ന കൊലപാതകമല്ല ഇത്. കൊലപാതകം നടത്തിയത് സിപിഎം അനുഭാവികളാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ഇതിനിടെ ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതി കെ.സി രാമചന്ദ്രനെതിരെയുള്ള ജയിൽ അധികൃതരുടെ റിപ്പോർട്ട് പുറത്തുവന്നു. ദീർഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു നൽകിയിരുന്നു.

കഴിഞ്ഞ ദിവസത്തെ വാദത്തിൽ കേസില്‍ കുറ്റക്കാരല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ഒന്നാം പ്രതി എം.സി.അനൂപിനോട് കോടതി ചോദിച്ചു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് കൊടി സുനി പറഞ്ഞു. വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം. അസുഖമുള്ളതിനാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും അറിയിച്ചു.

പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു കൈമാറിയിരുന്നു. ഇതു പഠിക്കാനുള്ള പ്രതിഭാ​ഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശിക്ഷാവിധി മാറ്റിയത്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകി ഹർജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു.

പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽനിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

Leave a Reply