ചെയ്ത പടങ്ങൾ ഒട്ടുമിക്കതും ഹിറ്റും ബ്ലോക്ക് ബസ്റ്ററും ആക്കിയ ആളെന്നാണ് പൊതുവെ നടി അനശ്വര രാജനെ മലയാളികൾ അഭിസംബോധന ചെയ്യാറുള്ളത്. 2017ൽ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാരിയറുടെ മകളായി മലയാള സിനിമയിൽ കയറി വന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമൊക്കെ തിളങ്ങി നടി ഓസ്‌ലറിലും നേരിലുമൊക്കെ എത്തിനിൽക്കുമ്പോൾ മലയാളികൾക്ക് അത്ഭുതമാണ്. അനശ്വരയുടെ ആദ്യകാല പടങ്ങളിൽ നിന്നും നടി എത്രമാത്രം വളർന്നുപോയി!
തന്റെ പ്രതിഭ കൊണ്ട് അനശ്വര അടുത്ത കാലത്ത് പലകുറി പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ടെങ്കിലും നേരാണ് ഈയടുത്ത് സംഭവിച്ചതിൽ മലയാളി മനസ്സിൽ ഏറ്റവും തട്ടിയ അനശ്വര ചിത്രം. പതിവ് കോടതി സിനിമകളിലെ പോലെ ട്വിസ്റ്റും സസ്പെൻസും മാസ്സ് വാചക കസർത്തും, പഞ്ച് ഡയലോഗും ഒന്നുമില്ലാതെ തന്നെ നല്ല അഭിനയ മുഹൂർത്തങ്ങളിലൂടെ വൃത്തിയായി വെള്ളിത്തിരയിലെത്തിച്ച ഒരു ജിത്തു ജോസഫ് സിനിമ ആയിരുന്നു നേര്. ചിത്രത്തിലെ പ്രകടനത്തിന് അനശ്വരയ്ക്ക് വലിയ അഭിനന്ദനങ്ങൾ തന്നെ ലഭിച്ചിരുന്നു.
ഇപ്പോഴിതാ മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേരിന്റെ സെറ്റിലെ തന്റെ പെരുമാറ്റത്തെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഓസ്‌ലറിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു താൻ നേരിട്ട് നേരിന്റെ സെറ്റിലേക്ക് വരുന്നത്. ഓസ്‌ലറിൽ പൊട്ടുതൊട്ട്, കണ്ണെഴുതി, പൂവ്‌ചൂടി എൺപതുകളിലെ കഥാപാത്രമായിരുന്നു. എന്നാൽ നേരിലാകട്ടെ മേക്കപ്പില്ലാ ലുക്കും. ഹെയർസ്റ്റൈലിങ്ങുമില്ല.
ചിരിക്കുന്ന ഒരു സീൻ പോലുമില്ല തനിക്ക് സിനിമയിലെന്നും പൊതുവെ എല്ലാ സെറ്റിലും നല്ല ആക്ടിവ് ആയ താൻ എവിടെയെങ്കിലും പാളിപ്പോകുമോ എന്ന ഉൾഭയത്തിൽ ആരോടും സംസാരിച്ചിരുന്നില്ലെന്നും നടി പറയുന്നു.’ഒരാൾ എന്നെ ഉപദ്രവിക്കുകയാണെന്നും ഞാനൊരു റേപ്പ് വിക്‌ടിമാണെന്നും മനസ്സിലുറപ്പിച്ചു. സിദ്ദിക്ക(സിദ്ദിഖ്)യുമായുള്ള കോമ്പിനേഷൻ സീനുകൾക്ക് ഒരുപാട് അഭിനന്ദനം കിട്ടിയിരുന്നു. ആ സീനിൽ ഞാൻ കരയുന്നത് ഗ്ലിസറിൻ ഉപയോഗിക്കാതെയാണ്’. നടി പറയുന്നു.