അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു.
ഒരുകാലത്ത് ഷീലയും മഹാനടൻ നസീറും ആയിരുന്നു മലയാളത്തിന് എല്ലാം. 130 ഓളം ചിത്രങ്ങളിൽ നായിക നായകന്മാരായി വേഷമിട്ട അപൂർവ്വ ജോടി കൂടിയായിരുന്നു ഇവർ. വെള്ളിത്തിരയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇരുവരും യഥാർത്ഥ ജീവിതത്തിലും കടുത്ത പ്രണയത്തിൽ ആണെന്നും ഭാര്യാഭർത്താക്കന്മാർ ആണെന്ന് പോലും നിനച്ച ആളുകൾ അക്കാലത്ത് ഉണ്ടായിരുന്നു.വളരെ വലിയ ആത്മബന്ധം ഉണ്ടായിരുന്നിട്ടു പോലും നടി എന്തുകൊണ്ട് നസീറിന്റെ നിര്യാണ സമയത്ത് അന്ത്യോപചാരമർപ്പിക്കാൻ എത്തിയില്ലെന്ന് ചോദ്യം അക്കാലത്ത് പലരും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ പല കഥകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം തന്നെ
‘മരിച്ച് കിടക്കുന്ന നസീര്‍ സാറിന്റെ മുഖം കാണാന്‍ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാന്‍ വരാതിരുന്നത്. അന്ന് സ്വീഡനില്‍ സഹോദരിയ്‌ക്കൊപ്പമാണ് ഞാന്‍. സാറിന്റെ മരണവിവരം എന്നെയും അറിയിച്ചിരുന്നു. പരിശ്രമിച്ചെങ്കില്‍ അവിടെ നിന്നും എനിക്ക് വരാമായിരുന്നു. പക്ഷേ അതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു. ജീവനോടെ കണ്ട സാറിന്റെ മുഖം മനസിലുണ്ട്.അത് മതി എന്ന് ഞാന്‍ തീരുമാനിക്കകയായിരുന്നു എന്നും ഷീല പറയുന്നു.