ഷെയ്ൻ നിഗം നായകനായെത്തിയ ‘ബൾട്ടി’ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം വേളയിൽ നിർമാതാവ് സന്തോഷ് ടി കുരുവിള പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. ഷെയ്ൻ നായകനായ ‘ബൾട്ടി’, ‘ഹാൽ’ എന്നീ സിനിമകളുടെ പോസ്റ്ററുകൾ ആരൊക്കെയോ ചേർന്ന് ആസൂത്രിതമായി കീറി മാറ്റുന്നു എന്നാണ് സന്തോഷ് ടി. കുരുവിള ആരോപിക്കുന്നത്. വിജയകരമായി പ്രദർശനം തുടരുന്ന സിനിമയുടെ പോസ്റ്ററുകൾ കീറുന്നതിലൂടെ ഷെയ്ൻ എന്ന യുവനടനെ സിനിമമേഖലയിൽ നിന്നും അപ്രസക്തനാക്കാൻ ഉള്ള ശ്രമമാണെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പത്തു ദിവസത്തോളമായി തുടർന്നു കൊണ്ടിരിക്കുന്ന ഈ പരിപാടി തന്റെ മുൻകാല ചിത്രങ്ങൾക്കൊന്നും നേരിട്ടിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സന്തോഷ് ടി. കുരുവിളിയുടെ വാക്കുകൾ:
‘‘ഇത് കടുത്ത അസഹിഷ്ണുതയാണ്. എന്തിനാണ് വളരെ ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടന്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല ? തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ?
ഈ പ്രവൃത്തി അങ്ങേയറ്റം ഹീനമായ ഒന്നാണ്, ഷെയിൻ നിഗം ചിത്രങ്ങളായ ‘ബൾട്ടി’, ‘ഹാൽ’ എന്നീ സിനിമകളുടെ പ്രമോഷനൽ മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ് ? ഷെയ്ൻ നിഗം എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ബൾട്ടി’. പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത് ?
ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത് ? ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ എനിക്കു ലഭിച്ച ഏതാനും ചിലത് മാത്രമാണ്, കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായി , എന്താണിവരുടെ ഉദ്ദേശ്യം ?
ഞാൻ തന്നെ നിർമിച്ച എന്റെ മുൻകാല ചിത്രങ്ങളായ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’നൊപ്പം ‘കെട്ടിയോളാണെന്റെ മാലാഖ’, അതിനും മുമ്പ് മഹേഷിന്റെ പ്രതികാരത്തിനൊപ്പം ‘ആക്‌ഷൻ ഹീറോ ബിജു’, ‘മായാ നദി’ക്കൊപ്പം ‘ആട് 2’ അവസാനമായി ‘ന്നാ താൻ കേസ് കൊടി’നൊപ്പം ‘തല്ലുമാല’, അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പോസ്റ്റർ കീറൽ പരിപാടി, അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ ?
എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് ? മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.’’








