പൂവും പൂക്കളവും ഓണക്കോടിയും ഉഗ്രനൊരു സദ്യയും കൂടിയായാലേ മലയാളികൾക്ക് ഓണം ഓണമാകുള്ളൂ. സദ്യയുടെ കാര്യമാണെങ്കിൽ സ്വാദിന്റെ പൂർണ ആസ്വാദനത്തിലെത്തണമെങ്കിൽ എല്ലാ രുചി കോളങ്ങളും തികയണം. പച്ചടിയും കിച്ചടിയും തോരനും അച്ചാറും എലിശേരിയും ഓലനും കാളനും പുളിയിഞ്ചിയും പപ്പടവും ഉപ്പേരിയുമൊക്കെ ഇലയുടെ സൈഡിൽ വേണം. ചോറിലൊഴിച്ചു കഴിക്കാൻ എന്തൊക്കെ കറിയുണ്ടെന്നുപറഞ്ഞാലും സാമ്പാറാണ് മെയിൻ. മലയാള രുചിയെന്ന് ഓർക്കുമ്പോൾ തന്നെ ചിലർ സാമ്പാർ എന്ന് വിളിച്ചുപറയും. എന്നാൽ ഈ സാമ്പാർ ഒരു കേരള വിഭവമല്ലെന്ന് എത്രപേർക്കറിയാം. എന്തിനു ഒരു ദക്ഷിണേന്ത്യക്കാരൻ പോലുമല്ല. സാമ്പാറിന്റെ കഥയറിയാം…
17ാം നൂറ്റാണ്ടിലെ തഞ്ചാവൂര്‍ മാറാത്ത കൊട്ടാരത്തിലാണ് ഈ സാമ്പാര്‍ കഥ നടക്കുന്നത്. ശിവാജി മഹാരാജാവിന്റെ മകനും യോദ്ധാവുമായ സാംബാജി കൊട്ടാരത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊട്ടാരം പാചകക്കാര്‍ കൊക്കം ( പനംപുളി, പിനാര്‍ പുളി എന്നൊക്കെ അറിയപ്പെടുന്നു) ചേര്‍ത്ത മഹാരാഷ്ട്ര പരിപ്പ് വിഭവമായ ആംതി വിളമ്പാന്‍ പദ്ധതിയിട്ടു. പക്ഷേ വിഭവം പകുതി പാകമായപ്പോഴാണ് കൊക്കം തീര്‍ന്നുപോയ വിവരം പാചകക്കാരന്റെ കണ്ണില്‍പ്പെട്ടത്.
പക്ഷേ ബുദ്ധിമാനായ പാചകക്കാരന്‍ ഉടന്‍തന്നെ തിളച്ച് മറിയുന്ന പച്ചക്കറികളും പരിപ്പും ഒക്കെ ചേര്‍ന്ന കൂട്ടിലേക്ക് തെക്കന്‍ വിഭവമായ പുളി എടുത്തിട്ടു. എന്തായാലും ഈ വിഭവം സാംബാജിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നാട് ഈ വിഭവം ‘സാംബാജി ആഹര്‍’ എന്ന് അറിയപ്പെട്ടു. കാലങ്ങള്‍ കടന്നുപോയപ്പോള്‍ സാംബാജി ആഹാര്‍ സാമ്പാര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഈ രാജകീയ ഭക്ഷണം പിന്നീട് തമിഴ്‌നാട്ടിലും പിന്നീട് ദക്ഷിണേന്ത്യ മുഴുവനും വ്യാപിച്ചു. തമിഴ് നാട്ടില്‍ സാമ്പാര്‍ അല്‍പ്പം കട്ടിയുള്ളതും കര്‍ണാടകയിലേക്ക് വരുമ്പോള്‍ മധുരത്തിന്റെ അംശമുള്ളതും കേരളത്തില്‍ തേങ്ങവറുത്തരച്ചതുമുതല്‍ പല വ്യത്യസ്ത രീതികളിലും അവതരിപ്പിക്കപ്പെട്ടുതുടങ്ങി…







