Spread the love

ന്യൂഡൽഹി∙ സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം. ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും അറിയിച്ചു. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചര്‍ച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രണ്ടു മണിക്ക് നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി പറഞ്ഞു.

ചര്‍ച്ചയുണ്ടെങ്കില്‍ ഇന്നോ നാളെയോ ധനമന്ത്രി ഡല്‍ഹിയില്‍ എത്തുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ വ്യക്തമാക്കിയിരുന്നു. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ അപേക്ഷയിലാണു കേന്ദ്ര ധനകാര്യമന്ത്രാലയം മറുപടി സത്യവാങ്മൂലം നൽകിയത്.

കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു സമമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയിൽ അറിയിച്ചു.

ഏതു സർക്കാർ സ്ഥാപനം എടുക്കുന്ന വായ്പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്മൂലത്തിൽ തള്ളി. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകൾക്ക് എതിരല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply