സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ ആരംഭിച്ച കാലം മുതൽ മറ്റു ഭാഷകളിൽ നിന്നും വരുന്ന നായിക- നായകന്മാരോട് സ്ഥിരമായി ചോദിക്കുന്ന ക്ലീഷേ ചോദ്യമാണ് ‘മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടമെന്നത്’. ഇത്തരം ചോദ്യങ്ങൾക്ക് ഇവർ സ്ഥിരമായി കൊടുക്കുന്നതും ഒരു ക്ലീഷേ ഉത്തരമാണ് ‘രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ്’ എന്ന്.
ഇത്തരത്തിൽ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് അഭിമുഖം നൽകവേ നടി റായ് ലക്ഷ്മിയോട് അവതാരകൻ മമ്മൂട്ടിയോടാണോ മോഹൻലാലിനോടാണോ കൂടുതൽ ബഹുമാനം, ഇഷ്ടം എന്നൊക്കെ ചോദിക്കുകയായിരുന്നു. ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസമാണെന്നായിരുന്നു നടിയുടെ പ്രതികരണം. കാരണം അഭിനയ ജീവിതത്തിൽ ഇരുവരുടെയും സ്വാധീനം അത്രമേൽ വലുതാണെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അറിയാത്ത കാര്യങ്ങൾ ഇരുവരും പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു എന്നും നടി പറയുന്നു. റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിൽ ഒരു തുടക്കക്കാരിയായി എത്തിയ തനിക്ക് ലാലേട്ടൻ തന്ന ഉപദേശങ്ങൾ പിന്നീട് അങ്ങോട്ടുള്ള അഭിനയ ജീവിതത്തിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും നടി പറയുന്നു.