ഒന്നിച്ചു പ്രവർത്തിക്കുന്നവർ തമ്മിലുള്ള പടലപ്പിണക്കങ്ങൾക്ക് കേളികേട്ട ഇടമാണ് സിനിമാരംഗം. ഇന്ത്യൻ സിനിമയിൽ ബോളിവുഡ് ഇതിന്റെ പേരിൽ എന്നും പഴികേട്ട ഇടമാണെങ്കിലും മറ്റു ഇന്റസ്ട്രികൾ, പ്രത്യേകിച്ചും മലയാളം ഇക്കാര്യത്തിൽ അൽപം ഭേദമാണ്. പിണക്കങ്ങൾ ഒക്കെ ഉണ്ടെങ്കിലും പൊതുവേദികളിൽ ഇതിന്റെ വിഴുപ്പ് പലരും ചുമക്കാറില്ല.
ഇത്തരത്തിലുള്ള പിണക്കമാണോ പിന്നിലെന്ന് അറിയില്ലെങ്കിലും മലയാളമിന്ന് കാര്യമായി ചർച്ചയ്‌ക്കെടുത്ത ഒരു വിഷയമാണ് ആസിഫ് അലിയിൽ നിന്നും നീരസത്തോടെ പുരസ്‌കാരം വാങ്ങുന്ന സംഗീത സംവിധായകൻ രമേശ് നാരായണന്റെ ചിത്രം. കഴിഞ്ഞ ദിവസം എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിലാണ് അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത്.
സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനത്തിന് രമേശ് നാരായനെ പുരസ്‌കാരം നൽകി ആദരിക്കാൻ ആസിഫ് എത്തുകയായിരുന്നു. എന്നാൽ വളരെയധികം അസ്വസ്ഥനായി എഴുന്നേറ്റെത്തിയ രമേശ് നാരായൺ അങ്ങേയറ്റം നീരസത്തോടെ പുരസ്‌കാരമേറ്റുവാങ്ങുകയും, ഭവ്യതയോടെ തനിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന ആസിഫിനെ നോക്കാൻ പോലും വിസമ്മതിക്കുകയായിരുന്നു. ശേഷം സംഗതി കാര്യമാക്കാതെ ആസിഫ് ഇരിപ്പിടത്തിലേക്ക് മടങ്ങിയതോടെ രമേശ് നാരായൺ തന്നെ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു.
എന്തായാലും സംഗതി വിവാദമായതോടെ നടന്റെ ആരാധകരും പൊതു ജനവുമൊക്കെ നടന് പിന്തുണയായി നിൽക്കുകയാണ്. രമേശ് നാരായൺ ചെയ്തത് ഒരു നല്ല കലാകാരന് നിലയ്ക്കാത്ത ഹീന പ്രവർത്തിയാണെന്നും ആസിഫിനെ പൊതുവേദിയിൽ വച്ച് മുറിപ്പെടുത്തിയത് പോലെയല്ലേ സംഭവമെന്നും പലരും സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. ആസിഫ് പുരസ്ക്കാരം നൽകിയത് ഇഷ്ടമായില്ലെങ്കിലും അത് സ്വീകരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് മുഖത്തെങ്കിലും നോക്കാമായിരുന്നു, ഹാസതാ ദാനം നൽകാമായിരുന്നു.എന്നിട്ട് പിന്നീട് പരാതി പറയാമായിരുന്നല്ലോ എന്ന് പറയുന്നവരുമുണ്ട്. എന്തായാലും വിവാദ വിഡിയോയും ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.
എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ മലയാള സിനിമയിലെ മഹാരഥന്മാർക്കൊപ്പം കമൽ ഹാസനും അണിനിരക്കുന്ന ഏറെക്കാലമായി കാത്തിരിക്കുന്ന ആന്തോളജി സീരീസാണ് ‘മനോരഥങ്ങൾ’. സീയിൽ റിലീസ് ചെയ്യുന്ന ചിത്രം ഏറെക്കാലമായി പണിപ്പുരയിലാണ്. വളരെ വർഷങ്ങൾക്ക് ശേഷം, മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന എം.ടി. ചിത്രം എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്.