മലപ്പുറം: സംസ്ഥാനത്തുടനീളം വ്യാപക തട്ടിപ്പ് നടത്തിയ കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ് മലപ്പുറം സി.ഐ. ജോബി തോമസും സംഘവും അറസ്റ്റുചെയ്തത്.
ജോലി വാഗ്‌ദാനം ചെയ്ത് 4,85,000 രൂപ തട്ടിയെന്ന മലപ്പുറം സ്വദേശിനിയുടെപരാതിയിലാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ‌്തു. നുസ്രത്തിന്റെ പേരില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി ഒന്‍പതു കേസുകളുണ്ട്. പലതും സാമ്പത്തികത്തട്ടിപ്പു കേസുകളാണ്.
റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതും വക്കീല്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയതും പൊലീസുദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയില്‍ ഇടനിലക്കാരിയായി പണം തട്ടിയതുമുള്‍പ്പെടെ കേസുകളുണ്ട്. സ്വര്‍ണം തട്ടിയ പരാതിയും നിലവിലുണ്ട്.
പൊലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പണം നഷ്ടപ്പെട്ടവര്‍ പത്രസമ്മേളനം വിളിച്ചിരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാൻ മലപ്പുറം പൊലീസ് ആവശ്യപ്പെട്ടിട്ട് ഹാജരാകാൻ നുസ്രത്ത് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂര്‍ ചേര്‍പ്പിൽ നിന്ന് ഇവരെ അറസ്റ്റുചെയ്തത്.