
മലപ്പുറം തിരൂരില്‍ സ്വര്‍ണ നാണയങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഭൂമിയില്‍ കുഴിച്ചപ്പോള്‍ കിട്ടിയ സ്വര്‍ണമെന്ന പേരിലായിരുന്നു തട്ടിപ്പ്. കര്‍ണാടകയില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നില്‍. സ്വര്‍ണനാണയത്തിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ഒന്നരക്കിലോയോളം സ്വര്‍ണം കൈവശമുണ്ടെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ അവകാശവാദം.
കര്‍ണാടക സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ വീട് നിര്‍മിക്കാനായി സ്ഥലമെടുത്തപ്പോഴാണ് നാണയം കിട്ടിയതെന്നാണ് പറഞ്ഞത്. വാട്‌സ് ആപ്പിലൂടെ ചിത്രങ്ങള്‍ അയച്ചായിരുന്നു തട്ടിപ്പ്. രാജഭരണകാലത്തെ സ്വര്‍ണമാണെന്നും വേണമെങ്കില്‍ പകുതി വിലയ്ക്ക് തരാമെന്നും പറഞ്ഞാണ് ഫോണ്‍കോളുകള്‍ വന്നിരുന്നത്.
മെസേജ് അയച്ചാണ് സ്വര്‍ണനാണയങ്ങളുടെ ചിത്രങ്ങള്‍ തന്നത്. എന്നെ അറിയുന്ന ആളാണെന്ന് പറഞ്ഞ്, എന്റെ വിസിറ്റിംഗ് കാര്‍ഡും ആ ചിത്രത്തിനൊപ്പം അയച്ചു. ചെറിയ സംശയം തോന്നിയപ്പോഴാണ് അയച്ച ആളുടെ ഫോട്ടോ കൂടി ചോദിച്ചത്. പക്ഷേ ഫോട്ടോ തന്നാല്‍ പൊലീസ് കേസ് വന്നാല്‍ പിടിക്കപ്പെടുമെന്നായിരുന്നു മറുപടി’. പരാതിക്കാരന്‍ പറഞ്ഞു.
നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ തട്ടിപ്പുകാരുടെ ഫോണ്‍കോള്‍ വന്നത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മലയാളികള്‍ എന്ന പേരിലുമാണ് കോളുകള്‍ വരുന്നത്. മാനഹാനി ഭയന്നും മറ്റും ഇതുവരെ ആരും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.