നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ൽ സിനിമയിൽ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചത്.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമെങ്കിലും ഫെയ്സ്ബുക്കിലെ അടക്കം ഡിജിറ്റൽ തെളിവുകൾ കോടതിയെ ബോധിപ്പിക്കാൻ പരാതിക്കാരിക്കായി. ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അമ്മ സംഘടനയുടെ നിലപാട് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നടൻ സിദ്ദിഖിനെതിരെ ബലാത്സംഗ പരാതിയുമായി യുവനടി രംഗത്തെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസെടുത്തതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് രാജി വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം നടി കവിയൂർ പൊന്നമ്മയുടെ പൊതുദർശനത്തിലടക്കം പങ്കെടുത്ത് കൊച്ചിയിൽ തുടർന്ന സിദ്ദിഖ് കോടതി തീരുമാനം വന്നതോടെ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് മാസമായിട്ടും പ്രതിക്ക് ഹാജരാകാൻ ഒരു നോട്ടീസ് പോലും അന്വേഷണസംഘം നൽകിയിരുന്നില്ല. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പ്രതിഭാഗം.