കട്ടപ്പന∙ കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൂടുതൽ വഴിത്തിരിവ്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്. വിജയനെ കുഴിച്ചിട്ടെന്നു പറയുന്ന വീടിന്റെ തറ ഇന്ന് പൊലീസ് പൊളിച്ചു പരിശോധിക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പ്രതി നിതീഷ് കൊലപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് വിജയന്റെ ഭാര്യ സുമയുടെയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ പ്രതി നിതീഷ് മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടി.
2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു ഇത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.
വിജയന്റെ മരണത്തിൽ നിതീഷിന് മാത്രമാണ് പങ്കെന്നാണ് നേരത്തേ കരുതിയിരുന്നത്. പൂജാരിയായ നിതീഷിന്റെ നിയന്ത്രണത്തിലായിരുന്നു കുടുംബം. പൂജാകർമങ്ങളിൽ എല്ലാം വിശ്വസിച്ചിരുന്ന കുടുംബം നിതീഷ് പറയുന്നതെല്ലാം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. സംഘംചേർന്ന് കൊലപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.