നായകനായും സംവിധായകനായും പൃഥ്വിരാജിന്റേതായി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അക്കൂട്ടത്തിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിൽ എത്തുന്നത്.
എമ്പുരാന്റെ തിരക്കുകൾക്കിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്ലീൻ ഷേവ് ചെയ്ത പൊലീസ് ലുക്കിലുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പോസ്റ്റിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കുവച്ച കമന്റും ശ്രദ്ധനേടുകയാണ്.
‘ഭാര്യയും മോളുമുണ്ടെന്ന് ഓർമ്മ വേണം’ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. നാലായിരത്തിലധികം ലൈക്കുകളാണ് കമന്റിന് ലഭിച്ചത്. അതേസമയം, സെലബ്രിറ്റികളടക്കം നിരവധി പേർ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ഒരു പൊലീസ് വേഷം ഉണ്ടെന്ന് തോന്നുന്നു’ എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. എമ്പുരാന്റെ ട്രെയിലർ ഇറക്കാനും നിരവധി ആരാധകർ പൃഥ്വിയോട് അഭ്യർത്ഥിക്കുന്നുണ്ട്.