അങ്കമാലി ∙ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി വൻതോതിൽ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വനാതിർത്തിയിലെ പഞ്ചായത്തുകളിലെ കർഷകർ ദുരിതത്തിൽ. കറുകുറ്റി, മൂക്കന്നൂർ, അയ്യമ്പുഴ, മലയാറ്റൂർ പഞ്ചായത്തുകളിലാണു വന്യമൃഗങ്ങൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നത്. മൂക്കന്നൂർ എടലക്കാട് പ്രദേശത്ത് ഒരു കാട്ടാന എല്ലാ ദിവസവും കൃഷിയിടങ്ങളിൽ ഇറങ്ങുന്നുണ്ട്.
കൂട്ടം തെറ്റി നടക്കുന്ന ഈ കാട്ടാന കാടുകയറാതെ കൃഷിയിടങ്ങളിൽ തങ്ങി നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നതു കൂടാതെയാണ് ഒറ്റയ്ക്ക് നടക്കുന്ന കൊമ്പനാന ഭീഷണിയായിട്ടുള്ളത്. ഏതു നിമിഷവും കാട്ടാനക്കൂട്ടം വീടുകളുടെ അടുത്തേക്ക് എത്തുമെന്ന ഭീതിയിലാണു ജനം. എടലക്കാട് കുറച്ചുദിവസങ്ങൾക്കു മുൻപ് രാത്രിയിൽ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
കാട്ടുപന്നികളുടെ ശല്യവും കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഏഴാറ്റുമുഖം ഭാഗത്ത് ബൈക്ക് യാത്രക്കാരെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി. കടുത്ത വേനലിനെ തുടർന്നു കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാനില്ലാതെ വന്നതോടെയാണ് കാട്ടാനകളും മറ്റും കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അശാസ്ത്രീയ നടപടികളിലൂടെ വന്യമൃഗങ്ങളുടെ കാട്ടിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതായും നാട്ടുകാർ പറയുന്നു.
തേക്ക് പ്ലാന്റേഷനിലും മറ്റും മുഴുവൻ മരങ്ങളും വെട്ടിമാറ്റുന്ന അടിവെട്ട് നടത്തുമ്പോൾ വന്യമൃഗങ്ങൾക്കു തങ്ങാൻ ഇടമില്ലാതെ വരികയും ഭക്ഷണത്തിനു കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. പലപ്പോഴും വൈദ്യുത വേലി തകർത്താണ് കാട്ടാനകൾ വനാതിർത്തി കടന്നു തോട്ടങ്ങളിലേക്കും അവിടെ നിന്നു ജനവാസ കേന്ദ്രങ്ങളിലേക്കും എത്തുന്നത്. സൗരോർജ വേലിയുടെ ബാറ്ററി യൂണിറ്റ് സ്ഥാപിച്ചിരുന്ന കേന്ദ്രം തകർത്താണ് ഒരിക്കൽ കാട്ടാനക്കൂട്ടം തോട്ടത്തിലിറങ്ങിയത്.
വൈദ്യുത വേലിയുടെ അറ്റകുറ്റപ്പണിക്കു വൻ തുകയും ചെലവഴിക്കേണ്ടി വരാറുണ്ട്. വൈദ്യുത വേലിയേക്കാൾ ട്രഞ്ചുകൾ കുഴിക്കുന്നതാണു കൂടുതൽ ഫലപ്രദമെന്നാണു നാട്ടുകാരുടെയും കർഷകരുടെയും അഭിപ്രായം. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പ് തൊഴിലാളി യൂണിയനുകളുടെയും വനംവകുപ്പിന്റെയും യോഗത്തിൽ ട്രഞ്ച് കുഴിക്കുന്നതു സംബന്ധിച്ചു തീരുമാനം എടുത്തിരുന്നു. എന്നാൽ യോഗ തീരുമാനങ്ങളൊന്നും നടന്നില്ല.