Spread the love
കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കില്ല; ആവശ്യം കേന്ദ്രം വീണ്ടും തള്ളി.

തിരുവനന്തപുരം • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കു‍ന്ന സാഹചര്യമുണ്ടാകുമെന്നും അവയെ ഭക്ഷണത്തിനായി മുഖ്യമായും ആശ്രയിക്കുന്ന കടുവയും പുലിയും മറ്റും അതോടെ പട്ടിണിയിലാകു‍മെന്നുമാണു കേന്ദ്രം ഉന്നയിക്കുന്ന വാദം. ഇതു വിശദീകരിച്ചു കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സംസ്ഥാന വനം മന്ത്രി എ.കെ ശശീന്ദ്രനു മറുപടിക്കത്തു നൽകി.

കാട്ടുപന്നിയെ ഒരു വർഷത്തേക്കു ക്ഷുദ്രജീവ‍ിയായി പ്രഖ്യാപിക്കണമെന്നാണു കേരളത്തിന്റെ നിരന്തര ആവശ്യം. ഇത് കേന്ദ്രം 3 തവണ തള്ളി. കർഷകരുടെ വിഷമസ്ഥിതി ചൂണ്ടിക്കാട്ടി, നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ശശീന്ദ്രൻ കഴിഞ്ഞ മാസം 16നു കേന്ദ്രമന്ത്രിക്കു കത്തയച്ചു. . ഇതിനുള്ള മറുപടിയിലാണു വന്യമൃഗങ്ങൾ പട്ടിണിയിലാകുമെന്നും കാടിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദീകരിച്ചത്.

ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, കേരളത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തോക്ക് ലൈസൻസ് ഉള്ളവർക്കു മാത്രം വനം വകുപ്പ് ഒരു വർഷം മുൻപ് അനുമതി നൽകിയിരുന്നു.

Leave a Reply