
കുറുപ്പംപടി ∙ മേക്കപ്പാലയിലെ വനാതിർത്തിയിൽ കർണൂർ ഭാഗത്തു പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു ചികിത്സ നൽകിയ ശേഷം കാട്ടിലേക്കു വിട്ടു. മുന്നിലെ ഇടതുകാലിൽ തറച്ചു കയറിയ 13 സെന്റീമീറ്റർ നീളമുള്ള ഇരുമ്പ് കമ്പിയാണു പരുക്കിനു കാരണം. ഇത് ഊരി മാറ്റി മരുന്നു വച്ചു കെട്ടിയ ശേഷമാണ് ആനയെ വിട്ടത്.
ഇന്നലെ രാവിലെ 6.30നു വനംവകുപ്പിലെ വെറ്ററിനറി സർജൻമാരായ ഡോ. വിനോയ് സി. ബാബു, ഡോ. ഡേവിഡ് ഏബ്രഹാം, ഡോ.ആർ. രാജ് എന്നിവരുടെ നേതൃത്വത്തിലാണു പിടിയാനയെ മയക്കുവെടി വച്ച ശേഷം ചികിത്സ നൽകിയത്. ആനക്കൂട്ടത്തിന്റെ നേതാവായ പിടിയാനയ്ക്കു ചുറ്റും ഏഴോളം ആനകൾ ഉണ്ടായിരുന്നു.
ശബ്ദമുണ്ടാക്കി ഇവയെ മാറ്റിയ ശേഷമാണു ചികിത്സ കൊടുത്തത്. 2 വെടിവച്ചെങ്കിലും ആദ്യം മയങ്ങി നിന്നതേയുള്ളു. ചികിത്സ തുടരുന്നതിനിടെ ആന ഇരുന്നു. കമ്പി ഊരിമാറ്റി മരുന്നു നൽകിയ ശേഷം മയക്കം വിട്ടുണർന്ന ശേഷമാണു കാട്ടിലേക്കു വിട്ടത്. മുടന്തി നീങ്ങുന്ന ആനയെ നാട്ടുകാർ കണ്ടതു കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ്.
തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചാണു ചികിത്സയ്ക്കു ഒരുക്കം നടത്തിയത്. മയക്കുവെടി വച്ചു ചികിത്സ നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും കൂട്ടത്തിലുള്ള ആനകൾ സമീപത്തു നിലയുറപ്പിച്ചതിനാൽ 16നു മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ കാടുകയറിയ ദൗത്യസംഘം ആനയെ കണ്ടെത്തുകയും മയക്കുവെടി വയ്ക്കുകയുമായിരുന്നു. മലയാറ്റൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ രവികുമാർ മീണ, കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജിയോ ബേസിൽ പോൾ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ആനയെ നിരീക്ഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.