Spread the love

കുറുപ്പംപടി∙ പൊങ്ങൻചുവട് ആദിവാസി കോളനിയിൽ കാട്ടാനകൾ 2 വീടുകൾ തകർത്തു.. കഴിഞ്ഞ ദിവസം രാത്രി മോളി വാസുവിന്റെ വീടിന് നേരേയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനലുകൾ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയും വീടിന്റെ പിൻവാതിൽ തള്ളിത്തുറക്കുകയും ചെയ്തു. കുറച്ചുദിവസമായി മോളിയും മകനും നേര്യമംഗലത്തെ കുടുംബവീട്ടിലായിരുന്നതിനാൽ അപകടങ്ങളുണ്ടായില്ല. ഒരാഴ്ച മുൻപ് ശേഖരൻ രാജഗോപാലന്റെ വീടിന് നേരേയും ആനയുടെ ആക്രമണമുണ്ടായി. വീടിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ശേഖരനും വീട്ടിലില്ലാതിരുന്ന രാത്രിയിലാണ് ആക്രമണമുണ്ടായത്.

ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച വീടുകളാണ് രണ്ടും. കാട്ടാനക്കൂട്ടത്തെ ഭയന്ന് രാത്രി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് കോളനി വാസികൾ അറിയിച്ചു. നേര്യമംഗലത്തേക്കുള്ള വനപാതയിൽ പകലും ആനക്കൂട്ടത്തെ കാണാറുണ്ട്. മലയാറ്റൂർ വനം ഡിവിഷനിലെ തുണ്ടം റേഞ്ചിൽ ഉൾപ്പെടുന്ന ജനവാസകേന്ദ്രമാണ് പൊങ്ങൻചുവട്. 105 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കാട്ടാനകളെ തടയാൻ സൗരോർജ വേലി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല.

Leave a Reply