
പാലക്കാട്: സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മിതമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വിനോദ് കുമാര്‍. തീ കത്തിച്ചതാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. സ്വാഭാവികമായ തീപിടിത്തമല്ല നടന്നിരിക്കുന്നതെന്നും വനംവകുപ്പിനോടും, ജീവനക്കാരോടുമുള്ള വിരോധം തീര്‍ക്കലാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ലൈഫ് വാര്‍ഡന്റെ വെളിപ്പെടുത്തല്‍.
ചൂട് കൂടിയതോടെയാവാം പാലക്കാട് ബഫര്‍ സോണില്‍ തീ പടര്‍ന്നതെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. തീ സ്വാഭാവികമല്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനംമന്ത്രി റിപ്പോര്‍ട്ട് തേടി.
സൈലന്റ് വാലിയിലെ കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലായിരുന്നു തീ പടര്‍ന്നത്. കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നില്ല. വാളയാര്‍ അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് പുല്‍ മേടുകളിലേക്ക് പടര്‍ന്ന തീ ആളിപ്പടരുകയായിരുന്നു. ചെങ്കുത്തായ മേഖലയായതിനാല്‍ ഫയര്‍ഫോഴ്സിനു പോലും മല മുകളിലെത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. നാട്ടുകാരുടെയും എന്‍ജിഒകളുടെയും സഹായത്തോടെയാണ് വനംവകുപ്പ് ഇവിടെ തീയണയ്ക്കാന്‍ ശ്രമിച്ചത്.
വലിയ രീതിയിലുള്ള ചൂടായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാലക്കാട് ജില്ലയില്‍ അനുഭവപ്പെട്ടത്. 41 ഡിഗ്രി വരെ ചൂട് ജില്ലയുടെ ചില മേഖലകളില്‍ രേഖപ്പെടുത്തിയിരുന്നു. വേനല്‍ചൂട് കനത്തതോടെയാവാം പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നത് എന്നതായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കാട്ടു തീ സ്വാഭാവികമായി ഉണ്ടായതല്ലെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.