ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തിരച്ചിൽ 14-ാം ദിനത്തിൽ. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം ഉടന്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണ് ഷിരൂരില്‍ എത്തിക്കാൻ ശ്രമിക്കുന്നത്. കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഉപയോഗിക്കാറെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് നാലു നോട്ട് കൂടിയാല്‍ ഡ്രഡ്ജര്‍ പറ്റില്ലെന്നതാണ് മുന്നിലെ പ്രധാനവെല്ലുവിളി. ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്‌നമില്ലെന്നു മാത്രമല്ല, വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തിയും പ്രവര്‍ത്തിക്കാം. ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.