പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന പടമായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻ ലാല്‍ നായകനായി ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ചിത്രം വൈകാതെ 200 കോടി ക്ലബിലും ഇടംനേടി. 120 മണിക്കൂറിലുള്ളില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ എമ്പുരാന്റേതായി വിറ്റത്. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് 30 കോടി രൂപയും എമ്പുരാൻ നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി എമ്പുരാൻ വിദേശത്ത് ഒന്നാമതെത്തി എന്ന വാർത്തയാണ് പുറത്തുവരുന്നത് . മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.