Spread the love

മുംബൈ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ പ്രമേയം പാസാക്കി ഇന്ത്യ മുന്നണി. കഴിയുന്നത്ര സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കും. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കും. ജനകീയ വിഷയം ഉയർത്തി രാജ്യമാകെ റാലി നടത്തുമെന്നും ഇന്ത്യ സഖ്യം അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ മംബൈയിൽ ചേർന്ന മൂന്നാം യോഗത്തിലാണ് തീരുമാനം. ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് പതിമൂന്നംഗ കോർഡിനേഷൻ കമ്മറ്റിക്കു രൂപം നൽകി. ഗാന്ധി കുടുംബത്തിൽനിന്ന് ആരും അംഗങ്ങളല്ല. കോൺഗ്രസിൽ നിന്ന് കെ.സി.വേണുഗോപാൽ, സിപിഐയിൽ നിന്ന് ഡി.രാജ എന്നിവർ ഉൾപ്പെട്ടപ്പോൾ സിപിഎമ്മിൽ നിന്ന് പ്രതിനിധിയില്ല.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‍വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ജെഡിയുവിന്റെ ലല്ലൻ സിങ്, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപിയുടെ മെഫ്ബൂബ മുഫ്തി എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഈ 13 അംഗ കമ്മിറ്റി ഇന്ത്യ മുന്നണിയുടെ ഉന്നതാധികാര സമിതിയായി പ്രവർത്തിക്കും. നിലവിൽ കൺവീനർ ഇല്ല, കൺവീനർ വേണമോ എന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നും മുന്നണി വൃത്തങ്ങൾ അറിയിച്ചു. മുന്നണിയുടെ ലോഗോ പീന്നീട് പ്രകാശനം ചെയ്യും. സെപ്റ്റംബർ 30 ഓടെ സീറ്റ് വിഭജനം കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.

Leave a Reply