ജനീവ: 2030-ഓടെ ലോകം പ്രതിവർഷം 560 വൻ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഈ ദുരന്തങ്ങളിൽ കൂടുതലും കാലാവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിഭാസങ്ങളായിരിക്കും ഇതിന് ഇടയാക്കുകയെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 20 വർഷക്കാലമായി പ്രതിവർഷം 300 മുതൽ 500 വരെ ഇടത്തരം അല്ലെങ്കിൽ വലിയ ദുരന്തങ്ങളാണ് ലോകം അഭിമുഖീകരിച്ചത്. എന്നാൽ നിലവിലെ പ്രവണതകൾ അനിയന്ത്രിതമായി തുടരുന്ന പക്ഷം, പ്രതിവർഷം 560 വൻ ദുരന്തങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ഗ്ലോബൽ അസിസ്റ്റ്മെന്റ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനേക്കാൾ അഞ്ച് മടങ്ങ് ഉയർന്ന കണക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാട്ടുതീ, വെള്ളപ്പൊക്കം എന്നിവ പോലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളോ പകർച്ചവ്യാധികൾ അല്ലെങ്കിൽ രാസവസ്തുക്കൾ മൂലമുള്ള അപകടങ്ങൾ പോലുള്ളവയോ ആകാം ഈ ദുരന്തങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും റിസ്ക് മാനേജ്മെന്റിലെ അപര്യാപ്തതയുമാണ് ദുരന്തങ്ങൾക്കിടയിലെ ഇടവേളകൾ കുറയാൻ കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ സംബന്ധമായ അപകടങ്ങളുടെ വ്യാപ്തി, ആവൃത്തി, ദൈർഘ്യം, തീവ്രത എന്നിവ വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 1970 മുതൽ 2000 വരെ 90-100 ഇടത്തരം അല്ലെങ്കിൽ വലിയ ദുരന്തങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2001-ൽ ഉണ്ടായതിന്റെ മൂന്നിരട്ടി ഉഷ്ണതരംഗമായിരിക്കും 2030-ൽ ഉണ്ടാകുകയെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.