കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമോ എന്ന ആശങ്ക ഇന്നലെ ഉടലെടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ സഹനിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി എന്ന വാർത്ത പുറത്തായതോടെയാണ് റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്കലാപ്പായത്. എന്നാൽ ഗോകുലം മൂവീസ് കൂടി പിന്താങ്ങിയതോടെ ചിത്രം പറഞ്ഞ അതേ ഡേറ്റിന് തന്നെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അടക്കമുള്ളവർ വ്യക്തമാക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ച പോലെ തന്നെ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നും യുഎസില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അതേസമയം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.