കൊവിഡ് രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ് സിനിമാ മേഖല. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ പല സിനിമകളും ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കോസ് എന്നിവ ഓടിടിയിൽ റിലീസ് ചെയ്യാൻ
നിർമാതാവ് ആന്റോ ജോസഫ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകരെല്ലാം ആകാംക്ഷയോടെ ചോദിച്ച ചോദ്യം മോഹൻലാൽ ചിത്രം മരയ്ക്കാർ ഓടിടിയിൽ എത്തുമോ എന്നാണ്?
സംവിധായകൻ പ്രിയദർശൻ തന്നെ ഇതിന് മറുപടി നൽകിക്കഴിഞ്ഞു. മരയ്ക്കാർ പോലൊരു ബിഗ് ബജറ്റ് ചിത്രം ഓടിടിയിൽ റിലീസ് ചെയ്യാൻ കഴിയില്ലെന്ന് പ്രിയദർശൻ പറയുന്നു. ബിഗ് സ്ക്രീനിൽ തന്നെ ആസ്വദിക്കേണ്ട
സിനിമയാണ് മരയ്ക്കാർ. ആറ് മാസം കൂടി കാത്തിരിക്കേണ്ടി വന്നാലും മരയ്ക്കാർ തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തും മുന്നേ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് താനും മോഹൻലാലും
ആന്റണി പെരുന്പാവൂരും ആഗ്രഹിക്കുന്നതെന്നും പ്രിയദർശൻ ഒരു സ്വകാര്യ പോർട്ടലിനോട് പ്രതികരിച്ചു.
മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ ആയി എത്തുന്ന സിനിമ മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ്. മികച്ച ചിത്രത്തിന് അടക്കമുള്ള മൂന്ന് ദേശീയ പുരസ്കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും മരയ്ക്കാറിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ ചിത്രം തിയറ്റർ റിലീസിന് തയ്യാറെടുത്തു. എന്നാൽ കൊവിഡ് സാഹചര്യങ്ങളിൽ നീണ്ടു പോയി. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദർശൻ
,ഫാസിൽ, സിദ്ധിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു.
പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്.
എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്, സംഘട്ടനം ത്യാഗരാജന്‍, കസു നെഡ, ചമയം പട്ടണം റഷീദ്. ഓടിടി റിലീസ് ഇല്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങി, തീയറ്റർ തുറക്കുമ്പോൾ ആദ്യ റിലീസ് മരയ്ക്കാർ ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.