വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തെന്നിന്ത്യയിലും ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നടിയുടെ ഏറ്റവും പുതിയ സിനിമയാണ് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. ഷറഫുദ്ദീനാണ് നായകൻ. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായിട്ടാണ് ഇത്തവണ എത്തുന്നത്.
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം സ്ക്രീൻ പങ്കിട്ട ഐശ്വര്യ തമിഴിൽ മണിരത്‌നം ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തിയിരുന്നു. കമൽ ഹാസൻ ചിത്രം തഗ് ലൈഫിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിക്കുന്നത്.
ഷറഫുദ്ദീനൊപ്പം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’. ‘വരത്തൻ’നിൽ ഐശ്വര്യയുടെ വില്ലനായാണ് ഷറഫുദ്ദീൻ എത്തിയതെങ്കിൽ ‘ഹലോ മമ്മി’യിൽ നായകനായാണ് എത്തുന്നത്. ബോണിയായി ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്ന ചിത്രം തിയറ്ററുകളിൽ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.