Spread the love
പഴവർഗങ്ങളിൽ നിന്ന് വൈൻ; ഉൽപാദനത്തിന് ചട്ടങ്ങളായി; ഉടൻ പ്രാബല്യത്തിൽ

പഴവര്‍ഗങ്ങളില്‍ നിന്നു വൈന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ചട്ടങ്ങളായി. 50000 രൂപയാണ് വാര്‍ഷിക ഫീസ്. വലിയ സാമ്പത്തിക ശേഷിയുള്ള, ഉല്‍പാദനം, സംഭരണം, ബോട്ട്ലിങ്, വെയര്‍ഹൗസ് ഇവയ്ക്ക് സൗകര്യമുള്ള വലിയ കെട്ടിടവും സ്വന്തമായുള്ളവര്‍ക്ക് അപേക്ഷിക്കാം. നികുതി വകുപ്പിന്‍റെ അംഗീകാരത്തോടെയാകും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരിക.

അപേക്ഷ നല്‍കുമ്പോള്‍ തന്നെ പഴവര്‍ഗങ്ങള്‍ എവിടെ നിന്നു ലഭിക്കും, എങ്ങനെയാണ് സംഭരിക്കുന്നത്, വൈന്‍ ഉല്‍പാദിപ്പിക്കുന്നതിന്‍റെ സാങ്കേതിക വശങ്ങള്‍, അപേക്ഷകന്‍റെ സാമ്പത്തിക ഭദ്രത ഇവ കൃത്യമായി പ്രതിപാദിക്കണം. സത്യവാങ്മൂലം നോട്ടറി അറ്റസ്റ്റ് ചെയ്യണം. അപേക്ഷ ലഭിച്ചാല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കാര്‍ഷികവകുപ്പിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അസിസ്റ്റന്‍റ് കമ്മിഷണറും പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനിയറും അംഗങ്ങളായിരിക്കും. ഇവര്‍ പരിശോധിച്ചു നല്‍കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

വൈന്‍ നിര്‍മാണ കെട്ടിടങ്ങളിലെ റൂമുകളിലേക്ക് ഒരു വാതില്‍ മാത്രമേ പാടുള്ളു. ഒരു താക്കോല്‍ ഉടമസ്ഥനും, ഒന്നു എക്സൈസ് ഇന്‍സ്പെക്ടറും സൂക്ഷിക്കണം. ജനാലകള്‍ ഇരുമ്പു ഗ്രില്ലുകൊണ്ട് സുരക്ഷിതമാക്കണമെന്നും ചട്ടം പറയുന്നു.

Leave a Reply