Spread the love
മന്ത്രവാദം: കണ്ണൂരിൽ അഞ്ച് പേർ മരിച്ചതായി വെളിപ്പെടുത്തൽ

മന്ത്രവാദത്തെ ചികിത്സയ്ക്കായി ആശ്രയിച്ച അഞ്ചുപേർ കണ്ണൂർ സിറ്റിയിൽ മരിച്ചതായി വെളിപ്പെടുത്തൽ. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെയുള്ള അസുഖബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തള്ളി വിട്ടുവെന്നും മരിച്ച സഫിയയുടെ മകൻ സിറാജ് പടിക്കൽ 24 നോട് പറഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം സിറ്റി സ്വദേശിയായ പതിനൊന്നുകാരി ഫാത്തിമ മരിച്ചിരുന്നു.

കണ്ണൂർ സിറ്റിയിലെ ചില കുടുംബ വീടുകൾ കേന്ദ്രീകരിച്ചാണ് മന്ത്രവാദം പിടിമുറുക്കിയത്. അസുഖങ്ങൾക്ക് വൈദ്യ ചികിത്സയ്ക്കപ്പുറം മതത്തെ മറയാക്കി മന്ത്രവാദമാണ് പ്രതിവിധി. തന്റെ മാതാവും ഉറ്റബന്ധുക്കളും ഇതിന്റെ ഇരകളാണെന്നു വെളിപ്പെടുത്തി യുവാവ് രംഗത്തെത്തി.

വ്രതമെടുക്കൽ, മന്ത്രിച്ച വെള്ളം എന്നിങ്ങനെയാണ് മന്ത്രവാദമെന്ന് സിറാജ് പറഞ്ഞു. ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൽ അസുഖം മാറും എന്ന് ഇവർ അവകാശപ്പെടുമെന്നും സിറാജ് കൂട്ടിച്ചേർത്തു.

സിറ്റി ആസാദ് റോഡിലെ 70കാരി പടിക്കൽ സഫിയയായാണ് മന്ത്രവാദത്തിന്റെ ആദ്യ ഇര.സഫിയയുടെ മകൻ അഷ്‌റഫ്,സഹോദരി നഫീസു കുറുവ സ്വദേശി ഇഞ്ചിക്കൽ അൻവർ എന്നിവരും വിദഗ്ധ ചികിത്സ കിട്ടാതെയാണ് മരിച്ചത്. സിറ്റി കുഞ്ഞിപ്പള്ളി ഇമാമും മരിച്ച സഫിയയുടെ കൊച്ചുമകളുടെ ഭർത്താവുമായ ഉവൈസാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് സിറാജ് പറയുന്നു.

കുടുംബത്തിലെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സിറാജ് കണ്ണൂർ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് കോടതി ഉത്തരവ് വന്നെങ്കിലും കാര്യക്ഷമമായ ഇടപെടൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം ഫാത്തിമയുടെ മരണം കൂടി കണക്കിലെടുത്ത് ഇന്നലെ സിറാജിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 11 വയസ്സുകാരിയായ ഫാത്തിമ മരണമടയുന്നത്. പനി ബാധിച്ചിരുന്ന ഫാത്തിമ കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പനി ഗുരുതരമായതിനു പിന്നാലെയാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ പഴുപ്പ് രൂപപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

Leave a Reply