24 പേർക്ക് നിയമനം നൽകുമെന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പുനൽകിയതോടെ; സമരം അവസാനിപ്പിച്ച് കായിക താരങ്ങൾ
തിരുവനന്തപുരം: 24 പേർക്ക് നിയമനം നൽകുമെന്ന ഉറപ്പ് സർക്കാർ നൽകിയതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിച്ചു. കായിക വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 24 പേർക്ക് ഉടൻ നിയമനം നൽകും. ബാക്കിയുള്ളവരുടെ നിയമനകാര്യത്തിൽ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.
സ്പോർട്സ് ക്വാട്ട നിയമനനങ്ങൾക്കായി ഈ മാസം ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലായിരുന്നു 44 കായിക താരങ്ങൾ. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ചർച്ചക്ക് കായിക മന്ത്രി തയ്യാറായിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ട് മന്ത്രി ചർച്ചയ്ക്ക് തയ്യാറായി. 24 പേർക്ക് നിയമനം നൽകാമെന്ന് മന്ത്രി അറിയിച്ചു. കായിക താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു സമിതിയെ വയ്ക്കാനുള്ള മന്ത്രിയുടെ നിർദേശം സമരം ചെയ്യുന്നവരുടെ പ്രതിനിധികളും അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങൾ പ്രതികരിച്ചു.