Spread the love

തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, സൂര്യ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം കങ്കുവ എന്നിവയുടെ ചിത്രസംയോജകൻ നിഷാദ് യൂസഫ് കഴിഞ്ഞ ഒക്ടോബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മലയാള സിനിമ ലോകത്തെ ഏറെ വിയോഗത്തിൽ ആക്കിയ മരണവർത്തിയായിരുന്നു നിഷാദിന്റെത്. 2022-ൽ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. തന്റെ വർക്കിന് കയ്യടികളും കൂടുതൽ പ്രശംസയും ലഭിച്ചതോടെ നിഷാദ് പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ സ്വീകാര്യത നേടിയ അവസരത്തിൽ ആയിരുന്നു വിയോഗവാർത്ത വന്നത്. ആത്മഹത്യക്ക് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണെങ്കിലും നിഷാദിന്റെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരോട് അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നുണ്ട്.

തീയറ്ററുകളി വൻ പ്രേക്ഷക ഏറ്റെടുപ്പോടെ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ – ശോഭന ചിത്രം ‘തുടരും’ ന്റെ സംവിധായകൻ തരുൺമൂർത്തി ഒരു പ്രമോഷൻ പരിപാടിക്കിടെ നിഷാദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ നോവാകുന്നത്. തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയുടെയും, തുടർന്നു ഇറങ്ങിയ സൗദി വെള്ളക്കയുടെയും എഡിറ്റർ നിഷാദ് തന്നെയായിരുന്നു. തുടരും ചിത്രീകരിക്കുന്ന സമയത്ത് നിഷാദ് തന്നോട് ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള സീൻ ചോദിച്ചു വാങ്ങിയെന്നും നിഷാദിന്റെ മരണം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതായിരുന്നുവെന്നുമാണ് തരുൺ മൂർത്തി പറഞ്ഞത്. അടുത്ത 10 വർഷം സിനിമയിൽ നിന്റെ കാലമാണെന്ന് താൻ നിഷാദിനോട് പറയുമായിരുന്നു എന്നും നിഷാദ് എന്തിന് ആത്മഹത്യചെയ്തുവെന്ന് തനിക്കറിയില്ലെന്നും അറിയാൻ ആഗ്രഹിക്കുന്നു ഇല്ലെന്നും തരുൺമൂർത്തി പറയുന്നു.

‘ഈ സിനിമയുടെ ചിത്രീകരണം തീരാൻ മൂന്ന് ദിവസം ഉള്ളപ്പോൾ ആണ് ഞാൻ നിഷാദിന്റെ വാർത്ത അറിയുന്നത്. അതിന് രണ്ട് ദിവസം മുന്നേ പാലക്കാട് ഷൂട്ട് ചെയ്യുമ്പോൾ നിഷാദ് എന്നോട് പറഞ്ഞു എനിക്ക് ലാലേട്ടനൊപ്പം ഒരു സീൻ അഭിനയിക്കാനുള്ള അവസരം തരുൺ എങ്ങനെ എങ്കിലും തരണമെന്ന്. ഇതിന് മുന്നേയുള്ള എന്റെ സിനിമയിൽ ചാൻസ് ചോദിച്ചപ്പോൾ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അതിനുള്ള സീൻ ഒന്നും ഉണ്ടായിരുന്നില്ല. ഇതിൽ ഞാൻ എങ്ങനെയെങ്കിലും നിന്നെ ലാലേട്ടനൊപ്പം നിർത്തും എന്ന് പറഞ്ഞിരുന്നു. അങ്ങനെ പാലക്കാട്ടേക്ക് നിഷാദിനെ വിളിച്ച് വരുത്തി ഒരു സീൻ അഭിനയിപ്പിച്ചു.

ആ സമയം ആർ ജെ ബാലാജി എന്നെ വിളിച്ച് ചോദിച്ചിരുന്നു നിഷാദ് യൂസഫ് എന്ന എഡിറ്റർ എവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞു എന്റെ അടുത്ത് നില്പുണ്ടെന്ന്. ഞങ്ങളുടെ സിനിമയിലേക്ക് വേണ്ടിയാണ് ഒന്ന് കണക്ട് ചെയ്ത് തരാമോ എന്നദ്ദേഹം ചോദിച്ചിരുന്നു. സൂര്യയ്ക്ക് വേണ്ടി ആയിരുന്നു. കങ്കുവ കഴിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ വീണ്ടും ഒരു സൂര്യ ചിത്രം വരുന്ന എക്സ്സൈറ്റ്മെന്റ് അവനുണ്ടായിരുന്നു

ഇനി വരുന്ന പത്ത് വർഷം നിന്റെ ആണെന്ന് ഞാൻ പറഞ്ഞിരുന്നു. അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിച്ച് ഒരു ടെന്റിൽ ഇരുന്ന് ഞങ്ങൾ ഒരുമിച്ച് സംസാരിച്ചു ചിരിച്ച് നിഷാദും ലാലേട്ടനും തമ്മിൽ സെൽഫി എടുത്തു. അവൻ പോകാൻ നേരത്താണ് ഷഫീഖ് എന്ന സ്പോട്ട് എഡിറ്റ് പയ്യൻ വരുന്നത്. നല്ല വർക്കാണ് അവന്റേത്, സ്പോട്ട് എഡിറ്ററിന്റെ വർക്ക് നിഷാദ് കാണാറുണ്ടായിരുന്നില്ല കാരണം അത് ഇൻഫ്ളുവൻസ് ചെയ്‌താൽ പിന്നെ അവരുടെ വർക്കിൽ അത് വരും. പക്ഷെ നിഷാദ് ഷഫീഖിന്റെ എഡിറ്റ് കണ്ടു. അത് എനിക്ക് കൗതുകം ഉള്ള കാര്യമായിരുന്നു കാരണം വേറെ ഒരാളുടെയും വർക്ക് നിഷാദ് ഇതുപോലെ കാണുന്നത് ഞാൻ കണ്ടിട്ടില്ല. നിഷാദ് അവനോട് കൊള്ളാം എന്ന് പറയുന്നതും കൈക്കൊടുക്കുന്നതും ഞാൻ ആദ്യമായാണ് കാണുന്നത്.

മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ഉണ്ടാക്കിയതിനും എല്ലാം അവൻ നന്ദി പറഞ്ഞാണ് കങ്കുവയുടെ വർക്കിന്‌ പോയത്. തുടരും സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു രാത്രി വന്നപ്പോൾ ബോബി എനിക്ക് ഇൻസ്റ്റാഗ്രാമിൽ മൂന്ന് മണിക്ക് മെസ്സേജ് അയച്ചു. നമ്മുടെ നിഷാദ് പോയി എന്ന്. പെട്ടെന്ന് എന്താണെന്ന് മനസിൽ ആയില്ല. ബിനു ചേട്ടനെ വിളിച്ച് റൂമിലേക്ക് വരുത്തി കാര്യം പറഞ്ഞപ്പോൾ പുള്ളിയും ഞെട്ടി. ഒരുപ്പാട് പേരെ വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ഖാലിദ് റഹ്മാനെ വിളിച്ചപ്പോൾ അവനാണ് പറഞ്ഞത് നിഷാദ് ആത്മഹത്യ ചെയ്തതാണെന്ന്. അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു.

കഴിഞ്ഞ ദിവസം വളരെ സന്തോഷത്തിൽ ഇരുന്ന ഒരാൾ പെട്ടന് ഇങ്ങനെ ചെയ്തത് എനിക്ക് വിശ്വസിക്കാനായില്ല. ഉടനെ എറണാകുളത്തെ ഹോസ്പിറ്റലിന് പുറത്ത് പോയി ഞങ്ങളും നിന്നു. എന്തിനാണ് എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല അറിയും വേണ്ട. മലയാള സിനിമയ്ക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടമാണ്, നിഷാദ് എന്ന എഡിറ്ററെ…,’ തരുൺ പറഞ്ഞു.

Leave a Reply