എ.ഐ. ക്യാമറകൾ റോഡ് നിയമലംഘനം കണ്ടെത്തി പിഴയീടാക്കാൻ തുടങ്ങിയതോടെ ശരവേഗത്തിലാണ് ഹെൽമെറ്റ് വിപണിയിലെ കുതിപ്പ്. ഒരു കടയിൽ ദിവസേന ശരാശരി അഞ്ചു ഹെൽമെറ്റുകൾ വിറ്റുപോയിരുന്ന സ്ഥാനത്ത് 70-80 ഹെൽമെറ്റുകളാണ് ഇപ്പോൾ വിൽക്കുന്നത്. കുട്ടികൾക്കും പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതാണ് വിപണിയിൽ വലിയ ചലനമുണ്ടാക്കിയത്.
ഇടത്തരം ഗുണമേന്മയുള്ള ഹെൽമെറ്റിന് 1000-1200 രൂപയാണ് വില. 800 മുതൽ 5000-ത്തിനു മുകളിൽ വിലവരുന്ന ഹെൽമെറ്റുകൾവരെ വിപണിയിൽ ലഭ്യമാണ്. ആകർഷകമായ കളറുകളിലുള്ള ഹെൽമെറ്റുകളാണ് കമ്പനികൾ കുട്ടികൾക്കായി വിപണിയിലെത്തിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള ഹെൽമെറ്റാണ് ഇത്തവണ ചൂടപ്പംപോലെ വിറ്റുപോയത്. ഇവയ്ക്ക് ചെറിയ ക്ഷാമവും വിപണിയിൽ അനുഭവപ്പെടുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ഹെൽമെറ്റ് വിൽപ്പനയും ഗണ്യമായി വർധിച്ചുണ്ട്. ഹെൽമെറ്റ് നന്നാക്കുന്ന കടകളും രണ്ടാഴ്ചയായി സജീവമാണ്.
കച്ചവടം കൂടിയതോടെ ഗുണമേന്മയില്ലാത്ത ഹെൽമെറ്റുകളുടെ പാതയോര വിൽപനയും വ്യാപകമാണെന്ന പരാതിയുമുയരുന്നുണ്ട്. ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ആളൊന്നിന് 500 രൂപയാണ് പിഴ.