കുവൈത്ത് സിറ്റി : വിദേശികൾക്ക് വാണിജ്യ വിമാനങ്ങളിൽ പ്രവേശനം പുനരാരംഭിച്ചതോടെ മാസങ്ങളായി സ്വദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ കുവൈത്തിൽ എത്തിത്തുടങ്ങി.

വിമാന സർവീസ് പുനരാരംഭിച്ച ഇന്നലെ ആംസ്റ്റർഡാമിൽ നിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനമാണ് ആദ്യമെത്തിയത്.അഡിസ് അബാബയിൽ നിന്നും തുർക്കിയിൽ നിന്നും തുടർന്ന് ഓരോ വിമാനങ്ങൾ എത്തി. അറബ് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് ഇന്നലെ പ്രധാനമായും എത്തിയത്. ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര സംബന്ധിച്ച് അവ്യക്തത തുടരുകയാണിപ്പോഴും. എന്നാൽ,ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകിയിട്ടില്ല. മറ്റൊരു രാജ്യം വഴി വരണമെങ്കിൽ ആ രാജ്യത്ത് എത്ര ദിവസം തങ്ങേണ്ടിവരും എന്നതിനെക്കുറിച്ചും വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്. വാക്സീൻ സ്വീകരിച്ചതിന് അതത് സർക്കാരുകൾ നൽകുന്ന സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ചതിനു ശേഷം മാത്രമാണ് പ്രവേശനം.
രാജ്യത്ത് പ്രവേശിക്കുന്നതിന് ഒട്ടേറെ വ്യവസ്ഥകൾ കുവൈത്ത് നിർദേശിച്ചിട്ടുണ്ട്. അവ പാലിച്ചുകൊണ്ടു മാത്രമേ കുവൈത്തിൽ ഇറങ്ങാൻ സാധിക്കൂ. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ സുഗമമായിരുന്നുവെന്ന് ഇന്നലെ കുവൈത്തിൽ ഇറങ്ങിയ യാത്രക്കാരിൽ പലരും പ്രതികരിച്ചു. മന്ത്രിസഭ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച് എത്തുന്ന വിദേശികളെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തിലുണ്ടെന്നു സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൌസാൻ പറഞ്ഞു. നിലവിൽ പ്രതിദിനം കുവൈത്ത് വിമാനത്താവളം ഉപയോഗിക്കാവുന്ന യാത്രക്കാരുടെ എണ്ണം 5000 ആണ്. യാത്രയുമായി ബന്ധപ്പെട്ട് വ്യോമയാന വകുപ്പിന്റെ നിർദേശങ്ങൾ അറിയുന്നതിന് 22200161 എന്ന വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് വിമാനത്താവളത്തിലെത്തി ആരോഗ്യപരിശോധന സംബന്ധമായ ക്രമീകരണങ്ങൾ പരിശോധിച്ചു.
ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച മുൻകരുതലുകൾ പാലിച്ചുകൊണ്ട് വ്യോമയാന മേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള സംവിധാനം വ്യോമയാന ഡയറക്ടറേറ്റ് ആവിഷ്കരിച്ചിട്ടുണ്ട്.