കൊൽക്കത്ത∙ സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ടുകൾ കേന്ദ്രസർക്കാർ അനാവശ്യമായി തടഞ്ഞുവയ്‌ക്കുകയാണെന്ന് കുറ്റപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി . ബംഗാളിന് ലഭിക്കാനുള്ള കേന്ദ്രഫണ്ട് കുടിശ്ശിക ഏഴുദിവസത്തിനകം നൽകണം, അല്ലെങ്കിൽ സമരം നടത്തുമെന്നും മമത പറഞ്ഞു. എവിടെയാണ് സമരമെന്നത് വ്യക്തമാക്കിയിട്ടില്ല. വലിയ തോതിലുള്ള സമരത്തിനാണ് മമത ആഹ്വാനം നൽകിയത്.
വിവിധ പദ്ധതികളിൽ നിന്നായി 18,000 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിന്ന് 9,000 കോടി, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 6,000 കോടി, എൻഎച്ച്‌എമ്മിൽ നിന്ന് 830 കോടി, ഉച്ചഭക്ഷണപദ്ധതിയ്‌ക്കുള്ള 175 കോടി തുടങ്ങി നിരവധി പദ്ധതികളുടെ കണക്കുകളാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഈ വിഷയത്തിൽ മമത ബാനർജി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. ബംഗാളിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘവും ഡൽഹിയിലെത്തി ക്രമക്കേട് ആരോപണത്തിന് വിശദീകരണം നൽകിയിരുന്നു.
കേന്ദ്രസർക്കാർ കൃത്യമായി ഫണ്ടുകൾ നൽകുന്നില്ലെന്ന് ഏറെനാളുകളായി തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. വിവിധ ക്രമക്കേടുകൾ ഉള്ളതിനാലാണ് പണം നൽകാത്തതെന്നാണ് ബിജെപിയുടെ മറുപടി.