തിരുവനന്തപുരം∙ തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ നിരന്തരമായ പീഡനം മൂലമെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ഇന്നലെ വൈകിട്ട് നാലോടെ ആത്‍മഹത്യ ചെയ്തത് . യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് നൗഫലിനും ഭർതൃമാതാവ് സുനിതയ്ക്കുമെതിരെ കേസെടുത്തു. യുവതിക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്നേറ്റ മർദനത്തിന്റെ ദൃശ്യങ്ങളും വീട്ടുകാർ പുറത്തുവിട്ടു.
തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹനയും കാട്ടാക്കട സ്വദേശി നൗഫലും തമ്മിൽ മൂന്നു വർഷം മുൻപാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതു മുതൽ തന്നെ ഭർത്താവും ഭർതൃമാതാവും ഷഹനയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ഷഹനയുടെ ബന്ധുക്കൾ പറയുന്നു. 75 പവനാണ് ഷഹനയ്ക്ക് വീട്ടുകാർ സ്ത്രീധനമായി നൽകിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർതൃമാതാവ് ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നു മാസം മുൻപ് ഭർതൃമാതാവിന്റെ പീഡനം സഹിക്കാനാകാതെയാണ് ഷഹന രണ്ടു വയസ്സുള്ള കുഞ്ഞുമായി വണ്ടിത്തടത്തെ വീട്ടിലെത്തി താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
സഹോദരന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഷഹനയേയും കുഞ്ഞിനെയും കൊണ്ടുപോകാനാണ് നൗഫൽ ഇന്നലെ ഷഹനയുടെ വീട്ടിലെത്തിയത്. എന്നാൽ പോകാൻ ഷഹന വിസ്സമ്മതിച്ചതോടെ കുഞ്ഞുമായി നൗഫൽ അവിടെനിന്നു പോയി. കുഞ്ഞിനെ കൊണ്ടുപോകുന്നത് ഷഹന എതിർത്തെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് നൗഫൽ കുട്ടിയെ കൊണ്ട്പോയത്. കുഞ്ഞിനെ കൊണ്ടുപോയ വിഷമത്തിൽ മുറിയിൽ കയറി കതകടച്ച ഷഹനയെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.