Spread the love
യുവതി കോമയിൽ രണ്ടാഴ്ച; ഉണർന്നപ്പോൾ സംസാരിച്ചത് വിദേശ ഭാഷ: വിചിത്രം

വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും പിടിതരാത്ത പലതും ഇന്ന് മനുഷ്യശരീരത്തിൽ ഉണ്ട്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനു ശേഷം സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ വ്യത്യാസം കാണുന്ന പ്രവണത ഒറ്റപ്പെട്ടതാണെങ്കിലും കണ്ടു വരുന്നു. യുഎസ് സ്വദേശിയായ സമ്മർ ഡയസ് എന്ന 24 കാരിയുടെ ജീവിതത്തിലും സംഭവിച്ചത് അത്തരമൊരു വിചിത്രമായ മാറ്റമാണ്.

2020 നവംബറിൽ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി വാഹനാപകടം ഉണ്ടായതോടെയാണ് സമ്മറിന്റെ ജീവിതം മാറിമറിഞ്ഞത്. തലച്ചോറിനടക്കം ഗുരുതര പരുക്കുകളോടെ രണ്ടാഴ്ച കാലമാണ് സമ്മർ ആശുപത്രിയിൽ കോമയിൽ കിടന്നത്. എന്നാൽ ജീവൻ തിരികെ പിടിച്ച് സമ്മർ കോമയിൽ നിന്നും ഉണരുക തന്നെ ചെയ്തു. തുടക്കത്തിൽ സംസാരിക്കാൻ തീരെ സാധിക്കുമായിരുന്നില്ല. പിന്നീട് ഏറെ പരിശ്രമിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴാണ് തന്റെ ജീവിതത്തിലുണ്ടായ വിചിത്രമായ മാറ്റം സമ്മർ പോലും തിരിച്ചറിഞ്ഞത്. താൻ സംസാരിക്കുന്നത് അമേരിക്കൻ ഇംഗ്ലീഷല്ല, വിദേശ ആക്സന്റിലാണ്.

സംസാരശേഷി വീണ്ടെടുക്കുന്നതിന് സ്പീച്ച് തെറാപ്പി ആവശ്യമായി വന്നിരുന്നു. സാവധാനത്തിൽ മാത്രം പുറത്തുവന്നിരുന്ന ശബ്ദം വ്യക്തമായതോടെ സംസാര രീതിയിലെ വ്യത്യാസവും കൂടുതൽ പ്രകടമായി. ആശുപത്രി ജീവനക്കാരും മറ്റും സമ്മറിന്റെ നാടേതാണെന്ന് ചോദിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തി. അമേരിക്കൻ സ്വദേശിനിയാണെന്ന് എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കാത്ത അവസ്ഥ. ഒടുവിലാണ് ഒരു അപൂർവ രോഗാവസ്ഥയാണ് തനിക്കെന്ന് സമ്മർ അറിഞ്ഞത്. സംസാരഭാഷയിൽ വിദേശരീതി കടന്നുകൂടുന്ന ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന രോഗമാണ് അപകടത്തോടെ യുവതിയെ ബാധിച്ചിരിക്കുന്നത്.

കോമയിൽ നിന്ന് ഉണർന്ന ശേഷം ഒന്നിലധികം വിദേശ ആക്സന്റുകളിലാണ് സമ്മർ ഇംഗ്ലീഷ് സംസാരിക്കുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച് റഷ്യൻ എന്നിങ്ങനെ പലരാജ്യങ്ങളിലെയും സംസാരരീതി താനറിയാതെ തന്നെ നാവിൽ കടന്നുകൂടിയതായി സമ്മർ പറയുന്നു. ഈ രാജ്യങ്ങളൊന്നും സമ്മർ കണ്ടിട്ടുപോലുമില്ല എന്നുള്ളതാണ് ഏറ്റവും രസകരം. ചില സംസാരരീതികൾ മണിക്കൂറുകൾ മാത്രമാണ് നിലനിൽക്കുന്നതെങ്കിൽ മറ്റുചിലത് മാസങ്ങളോളം ഒപ്പം കൂടും. നിലവിൽ ഓസ്ട്രേലിയൻ ആക്സന്റും ന്യൂസിലൻഡ് ആക്സന്റുമാണ് കൂടുതലായി സംസാരത്തിൽ പ്രകടമാകുന്നത്.

ഒരു രോഗാവസ്ഥയാണെങ്കിലും ഈ മാറ്റം സമ്മർ ഏറെ ആസ്വദിക്കുന്നുണ്ട്. തനിക്ക് അപകടമുണ്ടായത് ഇത്തരമൊരു മാറ്റത്തിനുവേണ്ടി ആയിരുന്നുവെങ്കിൽ തനിക്ക് അതിൽ സന്തോഷമേയുള്ളൂ എന്നാണ് സമ്മറിന്റെ പ്രതികരണം.

Leave a Reply