Spread the love

ബെംഗളൂരു∙ ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ ട്രാക്കിലേക്ക് വീണ മൊബൈൽ എടുക്കുന്നതിനായി യുവതി ചാടി ഇറങ്ങിയതിനെ തുടർന്ന് പർപ്പിൾ ലൈനിൽ 15 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ബയ്യപ്പനഹള്ളിയിലേക്കു പോകാൻ ഇന്ദിരാനഗറിലെ ഒന്നാം പ്ലാറ്റ്ഫോമിൽ കാത്തുനിന്നിരുന്ന യുവതിയാണ് ട്രാക്കിൽ ചാടി ഇറങ്ങിയത്. ബിഎംആർസി ജീവനക്കാർ അടിയന്തരമായി വൈദ്യുത ബന്ധം വിഛേദിച്ചത് വൻ അപകടം ഒഴിവാക്കുകയായിരുന്നു.

മൊബൈൽ എടുത്തെങ്കിലും തിരിച്ചു കയറാൻ ഇവർക്കായില്ല. ഒടുവിൽ മറ്റു യാത്രക്കാർ ഏറെ പണിപ്പെട്ടാണ് ഇവരെ പ്ലാറ്റ്ഫോമിലേക്കു തിരിച്ചു കയറ്റിയത്. തിരക്കേറിയ സമയത്തുണ്ടായ സംഭവം മജസ്റ്റിക് സ്റ്റേഷനിൽ ഉൾപ്പെടെ നീണ്ട ക്യൂവിനു കാരണമായി. ഞെട്ടിക്കുന്ന സംഭവമാണുണ്ടായതെന്നും ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണു ജീവഹാനി ഉൾപ്പെടെ ഒഴിവാകാൻ കാരണമായതെന്നും ബിഎംആർസി എം.ഡി.അൻജൂം പർവേസ് പറഞ്ഞു. ട്രാക്കിൽ ഇറങ്ങിയ യുവതിക്കു മെട്രോയിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി.

Leave a Reply