ഇടിക്കാൻ ശ്രമിച്ച ബസിനെ തടഞ്ഞ് യുവതി. പാലക്കാട് പെരുമണ്ണൂരിലാണ് സംഭവം. സ്ക്കൂട്ടർ യാത്രക്കാരി സാന്ദ്രയാണ് പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭയെന്ന ബസ് തടഞ്ഞത്. ബസ് ഇടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ബസ് തടഞ്ഞത്.
ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടർന്നാണ് സാന്ദ്ര തന്റെ പ്രതിഷേധമറിയിച്ചത്.
വണ്ടി തടഞ്ഞുനിർത്തി കാര്യങ്ങൾ പറയുമ്പോഴും ചെവിയിൽ ഹെഡ്സെറ്റ് തിരുകി ഡ്രൈവർ തന്നെ അവഗണിക്കുകയായിരുന്നെന്ന് സാന്ദ്ര പറയുന്നു. യാത്രക്കാരിൽ ചിലർ അനുകൂലിച്ചപ്പോൾ നിങ്ങളെന്താ ആണുങ്ങളെപ്പോലെ ഗുണ്ടായിസം കാണിക്കുന്നതെന്ന് ചോദ്യം ചെയ്തവരും ഉണ്ടെന്ന് സാന്ദ്ര പറയുന്നു.
അതേസമയം സാന്ദ്ര ബസ് തടഞ്ഞു നിർത്തി സംസാരിക്കുമ്പോഴും ബസിലെ ഒരു യാത്രക്കാരൻ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ പിന്തുണയ്ക്കാൻ എത്തിയില്ല. ഒരു യാത്രക്കാരൻ മാത്രമാണ് അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു.