
നാദാപുരം വലിയ പള്ളി സന്ദർശനത്തിന് മൂന്ന് പതിറ്റാണ്ടിന് ശേഷം സ്ത്രീകൾക്ക് അനുമതി ലഭിച്ചതോടെ വൻ തിരക്ക്. 32 വർഷങ്ങൾക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നത്. രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇതോടെ ഇന്നലെ രാവിലെ എട്ടു മണി മുതൽ പള്ളി കാണാനായി ദൂര സ്ഥലങ്ങളിൽ നിന്നു പോലും സ്ത്രീകളെത്തി. സ്ത്രീകളുടെ സന്ദർശനം ഇന്ന് അവസാനിക്കും.
കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. പള്ളിയുടെ നിര്‍മാണത്തിന് ഒരുപാടു വര്‍ഷങ്ങള്‍ സമയമെടുത്തെന്നാണ് പറയപ്പെടുന്നത്.