പാലക്കാട് പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടി. അങ്കമാലിയിലാണ് സംഭവം. കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കു മുമ്പ് പ്രസവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് അമ്മയെ കുഞ്ഞിനടുത്തേയ്ക്ക് എത്തിക്കുന്നതിനായി പാലക്കാട്ടേയ്ക്ക് കൊണ്ടു പോയി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞുള്ളത്.
സംഭവം ഇങ്ങനെ: പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനടുത്ത് എത്തിയ പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടനെ ആളുകളെ വിളിച്ചു കൂട്ടി പൊലീസിൽ അറിയിക്കുകയായിരുന്നു. വാളയാർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകൾ മാത്രമേ ആയുള്ളൂ എന്ന് വ്യക്തമായി
കുഞ്ഞിന്റെ അമ്മയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് അന്യ സംസ്ഥാനത്തു നിന്നു വരുകയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിഞ്ഞത്. ഈ വാഹനം പേട്ടക്കാട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒരു സ്ത്രീ പുറത്തേയ്ക്ക് ഇറങ്ങിപ്പോയത് പരിസരവാസികൾ ശ്രദ്ധിച്ചിരുന്നു. ഇവർ ഛർദിക്കാൻ ഇറങ്ങിപ്പാകുകയാണ് എന്നാണ് ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞത്. ഈ സമയം പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ വന്നു ബസിൽ കയറി ഇരിക്കുകയായിരുന്നു.
ബസ് അങ്കമാലിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നു എന്നത് ഉൾപ്പടെയുള്ള വിവരം സഹയാത്രക്കാർ അറിയിക്കുന്നത്. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്. നേരത്തെ ആലുവയിൽ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധു യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലും ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അയാളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചു.