തിരുവനന്തപുരം: ഡ്രെെവിംഗ് ലെെസൻസ് നേടുന്നതിൽ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകൾ. സംസ്ഥാനത്തെ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകൾ ലൈസൻസ് സ്വന്തമാക്കുന്നുണ്ട്. അഞ്ച് വർഷത്തിനിടയിൽ 31.91 ലക്ഷം സ്ത്രീകളാണ് സംസ്ഥാനത്ത് ലൈസൻസ് നേടിയിരിക്കുന്നത്. 21.90 ലക്ഷം പുരുഷന്മാർക്കും ലൈസൻസ് ലഭിച്ചു. വിവരാവകാശ പ്രകാരം മോട്ടോർ വകുപ്പ് നൽകിയ കണക്കുകളാണിവ. 2017-2018 മുതൽ 9 ലക്ഷത്തിലധികം സ്ത്രീകളും 6 ലക്ഷത്തിലധികം പുരുഷന്മാരും ഓരോ വർഷവും ലൈസൻസ് എടുക്കുന്നുണ്ടെന്ന് കണക്ക് സൂചിപ്പിക്കുന്നു. എന്നാൽ കൊറോണ പ്രതിസന്ധി കാലത്ത് മുൻ വർഷങ്ങളേക്കാൾ വനിതകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. പക്ഷെ അപ്പോഴും പുരുഷന്മാരെക്കാൾ മുന്നിൽ തന്നെയാണ് ലൈസൻസ് എടുത്ത സ്ത്രീകളുടെ എണ്ണം. 4.51 ലക്ഷം സ്ത്രീകൾ കൊറോണ കാലഘട്ടത്തിലും ലൈസൻസ് എടുത്തു.
3.31 ലക്ഷം പുരുഷന്മാർ കൊറോണാ കാലത്ത് ലൈസൻസ് നേടി. 225 ട്രാൻസ്ജെൻഡേഴ്സും അഞ്ച് വർഷത്തിനിടെ ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിപണികളിൽ സജീവമായത് സ്ത്രീകളെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെന്നും മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.