ഹിജാബ് തെറ്റായി ധരിച്ചു’ എന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട 22 കാരി മഹ്സ അമിനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഇറാനില്‍ തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളും ശക്തമായി തുടരുകയാണ്. ടെഹ്‌റാനും മറ്റ് ഇറാനിയൻ നഗരങ്ങളും പ്രതിഷേധക്കാർ വളഞ്ഞു. പ്രതിഷേധത്തില്‍ മുന്നില്‍ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇറാൻ 2019ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പെട്രോൾ വിലക്കയറ്റത്തിനെതിരെ 2019ൽ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധക്കാർ പോലീസ് സ്‌റ്റേഷന് തീയിട്ടു. കൊല്ലപ്പെട്ടവരിൽ പോലീസ് ഓഫീസറും ഉണ്ടെന്നാണ് വിവരം. വടക്കു പടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം വ്യാപിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു
ഉർമിയ, പിരാൻഷഹർ, കെർമാൻഷാ എന്നീ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേര്‍ മരിച്ചു. മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഹിജാബ് നിയമങ്ങൾക്കും സദാചാര പോലീസിനുമെതിരായ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ കുറഞ്ഞത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രതിഷേധത്തിന്‍റെ മുന്നില്‍ കുടുതലും സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്.